KOYILANDY DIARY.COM

The Perfect News Portal

ബാലുശേരി കരുമലവളവിൽ വാഹനാപകടം തുടർക്കഥയാകുന്നു

ബാലുശേരി കരുമലവളവിൽ വാഹനാപകടം തുടർക്കഥയാകുന്നു. ബുധൻ അർധരാത്രി രണ്ട് കാർ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം പുലർച്ചെ മൂന്നിന്‌ പിക്കപ്പ് വാൻ വളവിലെ കടയിൽ ഇടിച്ച് മലക്കംമറിഞ്ഞു. മധുരയിൽനിന്ന്‌ തലശേരിയിലേക്ക്‌ മാമ്പഴവുമായി വന്ന പിക്കപ്പ് വാനാണ് മറിഞ്ഞത്. അപകടം പുലർച്ചെയായതിനാൽ കടയിൽ ആരുമില്ലായിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി.
കഴിഞ്ഞദിവസം ലോറി വളവിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വയലിലേക്ക്‌ മറിഞ്ഞിരുന്നു. സംരക്ഷണ ഭിത്തിയും റോഡിന്റെ ഓരവും ഇടിഞ്ഞു. സംസ്ഥാനപാത നവീകരിച്ചശേഷം  കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ കരുമല വളവിൽ മാത്രം 21 അപകടമാണ് ഉണ്ടായത്. മൂന്ന് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു.
അപകടം ഒഴിവാക്കാൻ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെടുന്നു. രണ്ട് വളവ്‌ ഒരുമിച്ച്‌ വരുന്നതിനാൽ പലപ്പോഴും മറുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതാണ്‌ പ്രധാന പ്രശ്‌നം. അപകടം ഒഴിവാക്കാൻ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാർ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയിരുന്നു.

 

Share news