KOYILANDY DIARY.COM

The Perfect News Portal

കുറൂളികുനി നിവാസികളെ ദുരിതത്തിലാക്കുന്ന അശാസ്ത്രീയ ഡ്രൈനേജ് നിർമ്മാണം അധികാരികൾ അവസാനിപ്പിക്കുക: എസ്ഡിപിഐ

നന്തി: പുതുതായി വരുന്ന പെട്രോൾ പമ്പിന് സമീപം വർഷങ്ങളായി നാഷണൽ ഹൈവേയുടെയും പരിസര പ്രദേശത്തേയും മഴ വെള്ളം കാലങ്ങളായി വന്ന് ചേരുന്ന തണ്ണീർ തടത്തിലെ വെള്ളം ചില തൽപര കക്ഷികളുടെ താൽപര്യ പ്രകാരം ഹൈവേയിൽ നിന്ന് കുറൂളിക്കുനി ഭാഗത്തേക്ക് നിലവിലുണ്ടായിരുന്ന റോഡ് തകർത്ത് അശാസ്ത്രീയമായി നിർമ്മിക്കുന്ന ഡ്രൈനേജ് നിർമ്മാണം അധികാരികൾ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രദേശത്തെ പാവപ്പെട്ട നിവാസികൾക്ക് ഏറെ ആശ്രയമായിട്ടുള്ള റോഡ് തകർത്തു കൊണ്ട് ഡ്രൈനേജ് നിർമ്മിക്കുന്നതോടെ പ്രദേശത്തെ വീടുകൾ വെള്ളത്തിനാൽ മൂടപെടും. പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമില്ലാത്ത ഡ്രൈനേജ് പഞ്ചായത്തിലെ ചിലരുടെ താല്പര്യമാണ് നിർമ്മാണത്തിന് പിന്നിലെന്ന് പ്രദേശവാസികൾ ആക്ഷേപം ഉന്നയിക്കുന്നു. പ്രദേശവാസികൾ നിരന്തരം പഞ്ചായത്ത് അധികാരികളോട് ഈ വിഷയം ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സംഭവ സ്ഥലം എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം നേതാക്കൾ സന്ദർശിക്കുകയും പ്രദേശവാസികളുടെ ദുരിതങ്ങൾ മനസ്സിലാക്കുകയും മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള അധികൃതരുമായി ഈ വിഷയം സംസാരിക്കുകയും തൽപര കക്ഷികൾക്ക് വേണ്ടി പ്രദേശവാസികളെ ദുരിതത്തിലാക്കുന്ന അശാസ്ത്രീയ നിർമ്മാണം നിർത്തി വെക്കാൻ ആവശ്യപെടുകയും അല്ലാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സകരിയ എം കെ, വൈസ് പ്രസിഡണ്ട് യൂസഫ് പി കെ, ഒർഗനൈസിംഗ് സെക്രട്ടറി റിഷാദ് യു വി, കമ്മിറ്റി അംഗം റഹീം എം, നന്തി ബ്രാഞ്ച് പ്രസിഡണ്ട് മുസ്തഫ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Share news