KOYILANDY DIARY.COM

The Perfect News Portal

അരിക്കൊമ്പൻ ഷണ്‍മുഖ നദി ഡാം പരിസരത്ത്; നിരീക്ഷണം തുടർന്ന് വനം വകുപ്പ്

അരിക്കൊമ്പൻ ഷണ്‍മുഖ നദി ഡാം പരിസരത്ത്. നിരീക്ഷണം തുടർന്ന് വനം വകുപ്പ്. ഷണ്‍മുഖ നദി ഡാം പരിസരത്തുള്ള അരിക്കൊമ്പനെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക് തുരത്താനാകുമെന്നാണ് വനം വകുപ്പിന്റെ കണക്ക് കൂട്ടല്‍. ആന കമ്പത്തെ വനാതിര്‍ത്തി ഗ്രാമങ്ങളിലെത്തുമോയെന്ന ആശങ്കയും നിലവിലുണ്ട്. പല സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാല്‍ മാത്രം ആനയെ മയക്ക് വെടിവെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ വട്ടം കറക്കുകയാണ് അരിക്കൊമ്പന്‍. വനാതിര്‍ത്തിയില്‍ തന്നെ തുടരുന്ന ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താമെന്നാണ് കണക്കുകൂട്ടല്‍. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പന്‍ കൂടുതല്‍ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്നലില്‍ നിന്ന് വ്യക്തമാകുന്നത്. ഷണ്മുഖ നദി ഡാമില്‍ വെള്ളം കുടിക്കാന്‍ എത്തിയ ആനയെ നാട്ടുകാരും കണ്ടിരുന്നു. നിലവില്‍ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.

അരിക്കൊമ്പന്‍ ദൗത്യത്തിനായി വനം വകുപ്പ് പ്രത്യേക ആദിവാസി സംഘത്തെ കമ്പത്ത് എത്തിച്ചിരുന്നു. മുതുമല ആന സംരക്ഷണ കേന്ദ്രത്തിലെ അഞ്ചംഗ ആദിവാസി സംഘമാണ് എത്തിയത്. ഉള്‍ക്കാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിനൊപ്പം ആന, ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാല്‍ മയക്കു വെടി വയ്ക്കാനുള്ള സംഘവും സജ്ജമാണ്.

Advertisements
Share news