KOYILANDY DIARY

The Perfect News Portal

പിഷാരികാവിൽ അന്നദാനം നടത്താൻ ഒരു സുരക്ഷയുമില്ലാത്ത കെട്ടിടം

സുരക്ഷയില്ലാത്ത കെട്ടിടത്തിൽ അന്നദാനം നടത്താൻ അനുമതി നൽകരുത്.. കൊല്ലം പഷാരികാവ് ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം നടത്തുന്നതിനായി ഒരു സുരക്ഷയുമില്ലാത്ത ബഹുനില കെട്ടിടം ഉപയോഗിക്കാൻ നീക്കം. ഇത് വൻ ദുരന്തത്തിന് കാരണമാകുമെന്ന് ഭക്തജനങ്ങളും ഒരു വിഭാഗം ദേവസ്വം ജീവനക്കാരും ആശങ്കപ്പെടുന്നു. ഇവിടെ തഹസിൽദാർ അനുമതി നൽകരുതെന്നാണ് നാട്ടുകാരുടെയും അഭിപ്രായം.  ദേവസ്വത്തിന് കീഴിൽ ഭക്തജനങ്ങൾക്ക് താമസിക്കാനായി പണിയുന്ന ബഹുനില കെട്ടിടമാണ് ഇതിനായി ഒരുക്കുന്നത്.

ഒരു ദുരന്തം വന്ന് പെട്ടാൽ ഇതിൻ്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും. കെട്ടിടത്തിൻ്റെ താഴത്തെ നിലയിലുള്ള ഹാളിലാണ് ഭക്ഷണത്തിനായി സ്ഥലമൊരുക്കാൻ നീക്കം നടക്കുന്നത്. ഇവിടെ തന്നെയാണ് അടുക്കളയും സ്ഥിതിചെയ്യുന്നത്.  ഇവിടെ പതിനായിരത്തോളം ആളുകൾക്ക് ഭക്ഷണം ഒരുക്കണമെങ്കിൽ നിരവധി ഗ്യാസ് അടുപ്പുകൾ വേണ്ടിവരുമെന്ന് തീർച്ച. പിന്നെ തിക്കി തിരക്ക് എങ്ങിനെയാണ് ഭക്ഷണം വിളമ്പാൻ സാധിക്കുക. ആളുകൾക്ക് സൌകര്യമായി ഭക്ഷണം കഴിക്കാൻ സാധിക്കില്ലെന്നും തിക്കിലും തിരക്കിലും അകപ്പെടുമെന്നതും ഒരു ദുരന്തസമാനാമായ സാഹചര്യത്തിലേക്ക് നീങ്ങും എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി.

ഉത്സവം ആരംഭിച്ചു കഴിഞ്ഞാൽ ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ അന്നദാനത്തിനായി എത്താറുള്ളത്. അതിനുള്ള മതിയായ സൌകര്യം ഇവിടെ ഇല്ല. വർഷങ്ങളായി ക്ഷേത്രത്തിന് സമീപം പ്രത്യേകമായി താൽക്കാലിക പന്തലിട്ടാണ് ഇത്രയും ആളുകൾക്ക് അന്നദാനത്തിനായി സൌകര്യം ഒരുക്കിയിരുന്നത്. ഇതാണ് ഇത്തവണ വേണ്ടെന്ന് വെച്ച് ഒരു സുരക്ഷാ സൌകര്യവുമില്ലാത്ത കെട്ടിടത്തിലേക്ക് മാറ്റാൻ അണിയറ നീക്കം നടക്കുന്നത്. ദൂരദിക്കിൽ നിന്ന് വരുന്ന ഭക്തർക്കും വിഐപികൾക്കും താമസിക്കാനായാണ് ഇവിടെ പുതിയ കെട്ടിടം പണിതത്.

Advertisements

ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിന് സമീപത്തായി നിർമ്മിച്ച ഈ കെട്ടിടത്തിന് നഗരസഭ ഇതുവരെയും കെട്ടിട നമ്പർ നൽകിയിട്ടില്ല. തിരുവനന്തപുരം ഫയർ & റെസ്ക്യൂ സ്റ്റേഷൻ കമ്മീഷണറുടെ കാര്യാലയത്തിൽ നിന്ന് എൻ.ഒ.സിയും കിട്ടിയിട്ടില്ല. എന്തെങ്കിലും ദുരന്തം വന്നുപെട്ടാൽ ഒരു ഫയർ എഞ്ചിൻ വാഹനമോ ആംബുലൻസിനോ ഇതിൻ്റെ സമീപത്ത് എത്താൻ കഴിയില്ല എന്നതാണ് പ്രധാന കാരണം. കെട്ടിടത്തിന് പാർക്കിംഗ് സൌകര്യം തീരെയില്ല. 4 നിലകളിലായുള്ള കെട്ടിടം പണി പൂർത്തിയായെങ്കിലും നഗരസഭയ്ക്ക് ഇതുവരെും കംപ്ലീഷൻ പ്ലാൻ കൊടുത്തിട്ടില്ലെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. കൂടാതെ  ഒക്യുപ്മെൻ്റ് സർട്ടിഫിക്കറ്റും ലഭിച്ചിട്ടില്ലെന്നാണ് രേഖയിൽനിന്ന് വ്യക്തമാകുന്നത്.