KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ കെട്ടിടത്തിന് സമീപം മുറിച്ചു മാറ്റിയ മരം അപകട ഭീഷണി ഉയർത്തുന്നു

കൊയിലാണ്ടി: മുറിച്ചുമാറ്റിയ മരം അപകട ഭീഷണി ഉയർത്തുന്നു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ കെട്ടിടത്തിന് ചേർന്നുള്ള മുറിച്ചിട്ട മരത്തടികളും കൊമ്പുകളുമാണ് അപകട ഭീഷണിയായി നിൽക്കുന്നത്. കനത്ത ചൂടിൽ ഒരു തീപ്പൊരി പാറിയാൽ കുടുംബശ്രീ കെട്ടിടം ഉൾപ്പെടെ സമീപത്തുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങളും നിമിഷ നേരംകൊണ്ട് കത്തിച്ചാമ്പലാകും. മനുഷ്യ ജീവനും ഇത് അപകട ഭീഷണിയാണ്. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലംകൂടിയാണിവിടെ എന്നത് ഭീഷണി വർദ്ധിപ്പിക്കുന്നു. 

മരം നീക്കം ചെയ്യാനുള്ള നടപടി നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. സംഭവം നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അത് കെ.എസ്.ഇ.ബി മുറിച്ചിട്ടതാണെന്നും ഞങ്ങൾക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല എന്നാണ് അറിയിച്ചതെന്ന് വ്യാപാരികൾ പറയുന്നു.

Advertisements

എന്നാൽ 2024 ഫിബ്രവരി 7ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പ്രസ്തുത മരം മുറിച്ചു മാറ്റുന്നതിന് 11-02-24ന് ലൈൻ ഓഫ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.ഇ.ബി അസി. എഞ്ചിനീയർക്ക് നൽകിയ അപേക്ഷയിൽ ലൈൻ ഓഫാക്കുക മാത്രമാണ് ഞങ്ങൾ ചെയ്തതെന്നും ജീവനക്കാരെ ഉപയോഗിച്ച് നഗരസഭയാണ് മരം മുറിച്ചുമാറ്റിയതെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Advertisements