10,000 ഗ്രാമത്തില്‍ കാല്‍ലക്ഷം പ്രതിഷേധ സദസ്സ് ; തുടർസമരവുമായി കർഷകത്തൊഴിലാളി യൂണിയൻ
ഡൽഹി: 10,000 ഗ്രാമത്തില്‍ കാല്‍ലക്ഷം പ്രതിഷേധ സദസ്സ് ; തുടർസമരവുമായി കർഷകത്തൊഴിലാളി യൂണിയൻ. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ –-തൊഴിലാളി വിരുദ്ധനയങ്ങൾ തുറന്നുകാട്ടുന്നതിനായി വിപുലമായ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ച് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ. ഏപ്രിൽ 20 മുതൽ മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തെ 10.000 ഗ്രാമങ്ങളിൽ 25,000 പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിൽ സമാപിച്ച യുണിയന്റെ പ്രവർത്തകസമിതിയാണ് തീരുമാനമെടുത്തത്.

കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കർഷകത്തൊഴിലാളികളുടെയും ഗ്രാമീണജനതയുടെയും ജീവിതം ദുസ്സഹമാക്കി. തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയും സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ആയിരക്കണക്കിന് കോടിരൂപ വിഹിതം പിടിച്ചുവയ്ക്കുകയും ചെയ്യുന്നു.


ആധാർ ബന്ധിപ്പിക്കൽ, ഓൺലൈൻ ഹാജർ, ഓൺലൈൻ പേയ്മെന്റ് എന്നിവ നിർബന്ധമാക്കിയത് പലർക്കും തൊഴിലുറപ്പ് പദ്ധതി അപ്രാപ്യമാക്കി. ഇതിനെതിരെ ബദൽനയങ്ങൾ ഉയർത്തി സമരം ശക്തമാക്കുമെന്ന് എ -വിജയരാഘവൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്, ജോയിന്റ് സെക്രട്ടറിമാരായ വി ശിവദാസൻ എംപി, വിക്രം സിങ് എന്നിവരും പങ്കെടുത്തു.


