KOYILANDY DIARY.COM

The Perfect News Portal

ഒമ്പത്‌ മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നും പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കംചെയ്തു

കോഴിക്കോട്: ഒമ്പത്‌ മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽനിന്നും ഏഴ് സെന്റിമീറ്റർ വലുപ്പമുള്ള പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കംചെയ്തു. കോഴിക്കോട് സ്വദേശിയായ കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നുമാണ് ‘കിലുക്കം’ നീക്കംചെയ്തത്. കളിച്ചുകൊണ്ടിരിക്കെ കളിപ്പാട്ടം കാണാതെ വന്നതിനെ തുടർന്നുള്ള പരിശോധനയിലാണ് കുട്ടി ചുമക്കുകയും മറ്റ് അപായ സൂചനകൾ കാണിക്കുകയും ചെയ്തത്.
ഇതോടെ കളിപ്പാട്ടം ഉള്ളിൽ പോയെന്ന് മനസിലായി. ഇത് എടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പെട്ടന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചത്. കളിപ്പാട്ടത്തിൽ ദ്വാരം ഉണ്ടായിരുന്നതിനാൽ ശ്വാസം തടസപ്പെട്ടില്ല. ഇത് വലിയൊരു അപകടം ഒഴിവാക്കി. കുട്ടിയെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും എക്സ് റേ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ പ്ലാസ്റ്റിക് ആയതിനാൽ എക്സ് റേയിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് എൻഡോസ്കോപ്പിയിലൂടെ പരിശോധിക്കുകയും കളിപ്പാട്ടം കണ്ടെത്തുകയും ചെയ്തു. പക്ഷേ, കളിപ്പാട്ടത്തിന്റെ വലിപ്പവും അത് ഇരിക്കുന്ന രീതിയും കാരണം എൻഡോസ്കോപ്പി വഴി നീക്കം ചെയ്യുന്നതിന് അസാധ്യമായിരുന്നു. തുടര്‍ന്ന് അന്നനാളത്തിൽ വെച്ചുതന്നെ കളിപ്പാട്ടം ചെറിയ കഷണങ്ങളായി മുറിക്കുകയും എല്ലാ ഭാഗങ്ങളും എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി നീക്കംചെയ്യുകയും ചെയ്തു. ചെറിയ കുട്ടിയായതിനാല്‍ മറ്റു ഗുരുതരാവസ്ഥകൾ ഉണ്ടാകാതിരിക്കാന്‍ വളരെ സൂക്ഷ്മതയോടെയാണ് കഷണങ്ങളാക്കി നീക്കം ചെയ്തത്.
കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. കുട്ടികളുടെ ശസ്ത്രക്രിയ വിഭാഗം തലവൻ ഡോ എബ്രഹാം മാമ്മൻ, കൺസൽറ്റൻറ് ഡോ. റോഷൻ സ്നേഹിത്, അനസ്തേഷ്യ ഡോ. അനി ഗോപിനാഥ്, ഡോ. ശരണ്യ, നേഴ്സ് നോയൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. 

Share news