KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി ഫെസ്റ്റിന് ഇന്ന് വർണാഭമായ തുടക്കം

ഉള്ള്യേരി ഫെസ്റ്റിന് ഇന്ന് വർണാഭമായ തുടക്കം. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി നഗറിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റ് 30ന് സമാപിക്കും. വൈകിട്ട് 4 ന് മുണ്ടോത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ ഓരോ വാർഡും മത്സരാടിസ്ഥാനത്തിലാണു പങ്കെടുക്കുന്നത്. നിശ്ചല ദൃശ്യങ്ങൾ, നാടൻ കലാരൂപങ്ങൾ, ഗായക സംഘങ്ങൾ, വാദ്യങ്ങൾ തുടങ്ങി വിപുലമായ സജ്ജീകരണങ്ങളാണ് ഓരോ വാർഡും ഒരുക്കിയിരിക്കുന്നത്.

ഘോഷയാത്ര ഗിരീഷ് പുത്തഞ്ചേരി നഗറിൽ പ്രവേശിക്കുന്നതോടെ ഉദ്ഘാടന പരിപാടികൾക്ക് തുടക്കമാവും. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. കെ.എം.സച്ചിൻ ദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഉള്ള്യേരി ഫെസ്റ്റിൻ്റെ ബ്രാൻഡ് അംബാസിഡറും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മ മുഖ്യാതിഥിയായെത്തും.

തുടർന്ന് കീബോർഡിലും ഹാർമോണിയത്തിലും വിസ്മയം തീർക്കുന്ന പ്രകാശ് ഉള്ള്യേരിയും കേരള കലാമണ്ഡലവും ചേർന്നൊരുക്കുന്ന നൃത്ത സംഗീത വിരുന്ന് അരങ്ങേറും. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ കണക്കിലെടുത്ത് കാർണിവൽ ഗിരീഷ് പുത്തഞ്ചേരി നഗറിൽ രണ്ടുനാൾ മുമ്പേ ആരംഭിച്ചിട്ടുണ്ട്. ഉള്ള്യേരിയിലെ മുഴുവൻ വ്യാപാരികളും അണിനിരക്കുന്ന വ്യാപാരോത്സവവും നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്.

Advertisements

25 ന് വ്യാപാരി സംഗമത്തിൻ്റെ ഭാഗമായി സെമിനാർ നടക്കും. തുടർന്ന് പ്രമുഖ ഗായകർ അണിനിരക്കുന്ന ഇശൽ നിലാവും ഒരുക്കിയിട്ടുണ്ട്. 26 ന് വനിതോത്സവത്തിൻ്റെ ഭാഗമായി വനിതകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും കാനത്തിൽ ജമീല എം.എൽ.എ മുഖ്യാതിഥിയായെത്തും. 27 ന് നാടക രാവിൽ നാടക കലാകാരൻമാരെ ആദരിക്കും. 28ന് പ്രതിഭാ സംഗമം നടക്കും. സിനിമാ സംവിധായകൻ ഗിരീഷ് ദാമോദർ, ഗാനരചയിതാവ് മനുമഞ്ജിത്ത് എന്നിവർ മുഖ്യാതിഥികളായെത്തും. 29 ന് ഡ്രൈവേഴ്സ് മീറ്റിൻ്റെ ഭാഗമായി സെമിനാർ നടക്കും. 30 ന് നടക്കുന്ന സമാപന സമ്മേളനം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.