KOYILANDY DIARY

The Perfect News Portal

എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ രാജന്‍ അന്തരിച്ചു

കോഴിക്കോട്: എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ രാജന്‍ (75) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിനു രോഗം ഭേദമായെങ്കിലും തുടര്‍ ചികിത്സാവേളയിലാണ് നിര്യാണം സംഭവിച്ചത്. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ മുഴപ്പാല സ്വദേശിയായ കെ.കെ രാജന്‍, ബീഡി തൊഴിലാളിയായി പൊതുരംഗത്തേക്ക് കടന്നുവന്ന് ജില്ലയിലെ അഭിവക്ത യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃനിരയിലേക്ക് ഉയര്‍ന്ന നേതാവാണ്. ഇന്നത്തെ കാസര്‍കോട് ജില്ലയും മാനന്തവാടി താലൂക്കില്‍ ഉള്‍പ്പെട്ട അവിഭക്ത കണ്ണൂര്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന്‍റെ വൈസ് പ്രസിഡന്‍റായി എഴുപതുകളില്‍ കെകെ രാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിര്‍ഭയത്വത്തോടെ കൂടി ഏത് പ്രശ്നങ്ങളിലും ഇടപെടുന്ന കെകെ രാജന്‍, മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാണി സി. കാപ്പന്‍ എം.എല്‍.എ, അന്തരിച്ച മുന്‍ മന്ത്രിമാരായ എ.സി. ഷണ്‍മുഖദാസ്, എന്‍. രാമകൃഷ്ണന്‍, സി.എച്ച്‌. ഹരിദാസ് എന്നിവരുമായി ആത്മബന്ധം പുലര്‍ത്തിയ നേതാവാണ്. അറിയപ്പെടുന്ന സഹകാരി കൂടിയായ അദ്ദേഹം അഞ്ചരക്കണ്ടി ബാങ്ക് ഡയറക്ടറായി പ്രവര്‍ത്തിച്ചു. എന്‍.സി.പിയുടെ കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍, ജനറല്‍ സെക്രട്ടറി, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, ബീഡി തൊഴിലാളി മേഖലയിലെ കരുത്തനായ സംഘാടകനും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *