കൊയിലാണ്ടി നഗരസഭ സി.എഫ്.എൽ.ടി. സെൻ്ററിൽ ബെഡുകൾ നിറഞ്ഞു

കൊയിലാണ്ടി: നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്റർ രോഗികളാൽ നിറഞ്ഞു. സജ്ജീകരിച്ച 100 ബെഡുകളിലും ഇന്നലെ രാത്രിയോടെ രോഗികളെത്തി. കഴിഞ്ഞ ആഴ്ചയാണ് കൊയിലാണ്ടി അമൃത വിദ്യാലയത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്റർ പൂർണ്ണ സജ്ജമായത്. പ്രവർത്തനമാരംഭിച്ച ആദ്യ ദിവസം 7ഉം രണ്ടാം ദിവസം 60ഉം രോഗികളാണ് എത്തിയത്. തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽതന്നെ 100 ബെഡുകളും നിറയുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കൂടുതൽ പേരും ഇവിടെ എത്തുന്നത്. എന്നാൽ പരാതിക്കിടയില്ലാത്തവിധം മുഴുവൻ പേരുടെ ചികിത്സയും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിൽ മാതൃകാപരമായ ഇടപെടലാണ് നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തുന്നത്.

കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ പ്രസ്താവന വന്ന ഉടനെ തന്നെ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ, സെക്രട്ടറി സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ. പി. രമേശൻ, ജെ.എച്ച്.ഐ പ്രസാദ് കെ.കെ., നോഡൽ ഓഫീസർ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം ഇടപെട്ട് അമൃത സ്കൂൾ അധികൃതരുമായി സംസാരിച്ച് സ്കൂൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ നഗരസഭ ചെയർമാൻ്റെ അഭ്യർത്ഥന മാനിച്ച് കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക, സന്നദ്ധ, യുവജന, വ്യാപാരി സംഘടനകളുടെയും, വ്യക്തികളുടെയും നേതൃത്വത്തിൽ സെൻ്ററിലേക്കാവശ്യമുള്ള 100 ബെഡുകൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് സൌജന്യമായി എത്തിച്ചേർന്നത്.

4 മെഡിക്കൽ ഓഫീസറും, രണ്ട് വനിതാ നേഴ്സ്, അറ്റന്റർമാർ ഉൾപ്പെടെ 11 ആരോഗ്യ പ്രവർത്തകരും അവരോടൊപ്പം മറ്റ് ജീവനക്കാരും ഇവിടെ നിലയുരപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന വളണ്ടിയർമാർ സർവ്വസജ്ജരായി സെൻ്ററിൽ പ്രവർത്തിക്കുന്നു. ആംബുലൻസ് ഡ്രൈവർമാരും നഗരസഭയിലെ മറ്റ് ജീവനക്കാരും ഓരോ മണിക്കൂറുകകളിലും ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ്റെയും കെ.കെ. പ്രസാദിൻ്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്ക് കൃത്യമായ മേൽനോട്ടം വഹിക്കുന്നുണ്ട്.


സെൻ്ററിലേക്കാവശ്യമായ ഭക്ഷണം നഗരസഭ കുടുംബശ്രീ ഹോട്ടലിൽ നിന്നാണ് എത്തിക്കുന്നത്. രാവിലെയും ഉച്ചക്കും വൈകീട്ടും രാത്രിയിലും കൃത്യസമയത്ത് ഭക്ഷണം എത്തിക്കാൻ പ്രത്യേക ശ്രദ്ധയോടെ പ്രവർത്തിക്കുന്നു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണമാണ് എത്തിക്കുന്നത്. അതിനിടയിൽ രോഗികളുടെ ആവശ്യപ്രകാരം കാപ്പിയും ചായയും ഏത് സമയത്തും എത്തിച്ചു നൽകുന്നു.

