കെഎസ്എഫ്ഇയിലെ അഴിമതി കൂടുതല്‍ വിവരങ്ങള്‍ പുറത്തായി

തിരുവനന്തപുരം > കെഎസ്എഫ്ഇയിലെ അഴിമതി കൂടുതല്‍ വിവരങ്ങള്‍ പുറത്തായി നാല് വര്‍ഷത്തിനിടെ പരസ്യത്തിനും ബിസിനസ് പ്രൊമോഷനുമായി 246 കോടി ചെലവഴിച്ചതായി കെഎസ്എഫ്ഇയുടെ കണക്ക്. കട്ടപ്പനയില്‍ തഹസില്‍ദാര്‍ 16 ലക്ഷം രൂപ വില നിശ്ചയിച്ച വസ്തു ലേലത്തില്‍ പിടിച്ചത് 52 ലക്ഷത്തിന്. ധനവകുപ്പിന് കീഴിലുള്ള കെഎസ്എഫ്ഇയിലെ അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി.
ബിസിനസ് പ്രൊമോഷന്‍ ഹെഡിലാണ് പരസ്യത്തിനും മറ്റും 246 കോടി രൂപ ചെലവ് ഉള്‍പ്പെടുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷം ഈ ഇനത്തില്‍ 19 കോടി രൂപയാണ് മൊത്തം ചെലവഴിച്ചത്. 2010–11ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശേഷ അവസരങ്ങളില്‍ പ്രത്യേക ഹ്രസ്വചിത്രം നിര്‍മിച്ചതിന് വന്‍ തുക ചെലവഴിച്ചതായാണ് രേഖ. പൊതുമേഖലാസ്ഥാപനമായ സി–ഡിറ്റിനെ നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചശേഷം സ്വകാര്യ ഏജന്‍സി വഴിയാണ് പരസ്യചിത്രങ്ങള്‍ തയ്യാറാക്കിയത്. കോര്‍പറേറ്റ് ഓഫീസ് നേരിട്ടാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിച്ചത്.
കട്ടപ്പനയില്‍ കേരള കോണ്‍ഗ്രസ് എംഎല്‍എയുടെ നിയന്ത്രണത്തിലുള്ള സഹകരണസംഘം ലേലത്തിന് വച്ച എട്ടര സെന്റ് വസ്തുവാണ് 52 ലക്ഷം രൂപയ്ക്ക് കെഎസ്എഫ്ഇ വാങ്ങിയത്. സെന്റിന് 2.5 ലക്ഷം രൂപ പരമാവധി വിലയുള്ള ഭൂമിയാണ് വന്‍തുകയ്ക്ക് വാങ്ങിയത്. ഓപ്പണ്‍ ടെന്‍ഡറില്‍ 25 ലക്ഷം രൂപ ക്വാട്ട് ചെയ്ത സ്ഥാനത്താണ് 52 ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിച്ചത്. മൂല്യനിര്‍ണയം നടത്തിയ തഹസില്‍ദാര്‍ ഈ വസ്തുവിന് മൊത്തം 16 ലക്ഷം രൂപയാണ് വിലയിട്ടത്.
കെഎസ്എഫ്ഇയിലെ അഴിമതി സംബന്ധിച്ച് വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശേഖരിച്ചുവരികയാണ്. ബാര്‍ കോഴയെ വെല്ലുന്ന അഴിമതിയാണ് ധനവകുപ്പിന് കീഴിലുള്ള ഈ സ്ഥാപനത്തില്‍ നടത്തിയത്. മാനേജിങ് ഡയറക്ടര്‍ പി രാജേന്ദ്രന്‍ അവധിയില്‍ പ്രവേശിച്ചു. ശനിയാഴ്ച കണ്ണൂരില്‍ ജീവനക്കാരുടെ സംഘടനകളുമായി മാനേജ്മെന്റ് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ എംഡി പങ്കെടുത്തില്ല. നാല് വര്‍ഷമായി ഇന്റേണല്‍ ഓഡിറ്റിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. വാര്‍ഷിക കണക്ക് ഓഡിറ്റ് കമ്പനി സര്‍ട്ടിഫൈ ചെയ്യുന്നതിനാല്‍ ഇന്റേണല്‍ ഓഡിറ്റ് ആവശ്യമില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസ് നോമിനിയായ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ബോര്‍ഡിന്റെ തീരുമാനം. 2011–12ന് ശേഷം കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചിട്ടില്ല.

