KSSPU പന്തലായനി നോർത്ത് കുടുംബസംഗമം
കൊയിലാണ്ടി: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തലായനി നോർത്ത് യൂണിറ്റിന്റെ
നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. സർക്കാരിന്റ വിവിധ സർവ്വീസ് മേഖലകളിൽ ജീവിതത്തിന്റെ യൗവ്വനകാലം മുഴുവൻ സേവനം അനുഷ്ടിച്ചവരുടെ സംസ്ഥാനത്തെ ഏററവും വലിയ കരുത്തുറ്റ സംഘടനയാണ് കെ.എസ്.എസ്.പി.യു. എന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത്കൊണ്ട് സി. ഭവാനി ടീച്ചർ പറഞ്ഞു. കൊയിലാണ്ടി ഇ.എം.എസ്. ടൗൺഹാളിലെ മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില് പ്രസിഡണ്ട് വി.എം. രാഘവൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.
സംഘടനയുടെ നേതൃത്വത്തിൽ സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന നിർദ്ധനരായ വ്യക്തികളെ
കണ്ടെത്തി അവർക്ക് കൈത്താങ്ങ് എന്ന പേരിൽ സംസ്ഥാനത്ത് നടത്തിവരുന്ന മാതൃകാ പെൻഷൻ പദ്ധതി പന്തലായനി നോർത്ത് യൂണിറ്റിലും ആരംഭിച്ചു. ഇതിന്റെ ഭാഗമായി പന്തലായനി കന്മനിലം കുനി മാധവിക്ക് ആദ്യഗഡു പെൻഷൻ വിതരണം ഭവാനി ടീച്ചർ കൈമാറി. രാവിലെ 9 മണിക്ക് വി.എം. രാഘവൻ മാസ്റ്റർ പതാക ഉയർത്തിയതോടെയാണ് കുടുംബസംഗമം ആരംഭിച്ചത്. കുടുംബസംഗമത്തിൽ ബ്ലോക്ക് ട്രഷറർ അണേല ബാലകൃഷ്ണൻ മാസ്റ്റർ സംഘടനാ കാര്യങ്ങൾ അവതരിപ്പിച്ചു.

സംസ്ഥാന കൗൺസിലർ പി. സുധാകരൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരൻ മാസ്റ്റർ, കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വേദിയിൽ കുട്ടികൾ ഉൾപ്പെടെ മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും കലാമത്സരങ്ങളും അരങ്ങേറി. വിജയികൾക്ക് ഭാരവാഹികൾ ഉപഹാരം വിതരണം ചെയ്തു. KSSPU യൂണിറ്റ് സെക്രട്ടറി എം. എം. ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. പി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

