KOYILANDY DIARY.COM

The Perfect News Portal

രാജശേഖരന്റെ പ്രസ്താവന : വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് പദ്ധതി കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട് > കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാറാട്, നിലയ്ക്കല്‍ കലാപങ്ങള്‍ക്ക് സമാനമായ സംഭവപരമ്പരകള്‍ ആര്‍എസ്എസ് ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബിജെപിയില്‍ ഒരുകമ്മിറ്റിയിലും അംഗമല്ലാത്ത കുമ്മനത്തെ പ്രസിഡന്റാക്കിയത്. ആര്‍എസ്എസ് എടുത്ത തീരുമാനം ബിജെപി കേന്ദ്രനേതൃത്വം നടപ്പാക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നെഹ്റു കുടുംബാധിപത്യമെന്നപോലെ ആര്‍എസ്എസിന്റെ വംശാധിപത്യത്തിലാണ് ബിജെപി. മതനിരപേക്ഷ ശക്തികള്‍ ജാഗ്രതയോടെ ഈ തീവ്ര വര്‍ഗീയനീക്കങ്ങളെ കാണും– കോടിയേരി വാര്‍ത്താലേഖകരോട് പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച മൃദുസമീപനങ്ങളാണ് ബിജെപിക്ക് എന്നും സഹായകമായിട്ടുള്ളത്. നിലയ്ക്കല്‍, മാറാട് സംഭവങ്ങളില്‍ ഇത് കണ്ടതാണ്. ഇടതുപക്ഷം ശക്തമായ കേന്ദ്രങ്ങളില്‍ വര്‍ഗീയത ഇളക്കിവിടാനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. ബംഗാളിലും ആര്‍എസ്എസുകാരനെയാണ് ബിജെപി പ്രസിഡന്റാക്കിയത്. സിപിഐ എം ഗൌരവത്തോടെയാണിത് കാണുന്നത്. മതനിരപേക്ഷ പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ഇടപെടല്‍ എല്‍ഡിഎഫ് കൂടുതല്‍ ശക്തമാക്കുമെന്നും കോടിയേരി പറഞ്ഞു.

Share news