KOYILANDY DIARY.COM

The Perfect News Portal

തിരക്കുള്ള റോഡിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കാക്കനാട്: ഇടതുകയ്യില്‍ മൊബൈല്‍ ഫോണും വലതു കയ്യില്‍ സ്റ്റിയറിങ്ങും പിടിച്ചു തിരക്കുള്ള റോഡിലൂടെ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു ബസ് ഓടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പിന്തുടര്‍ന്ന് കയ്യോടെ പിടികൂടുകയായിരുന്നു.

ആലുവ ഫോര്‍ട്ട് കൊച്ചി റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവര്‍ പള്ളുരുത്തി പെരുമ്ബടപ്പ് സ്വദേശി അരുണ്‍പ്രസാദിന്റെ ഡ്രൈവിങ് ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം ടിഡിഎം ഹാളിനു മുന്നില്‍ തടഞ്ഞുനിര്‍ത്തിയാണ് ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വകുപ്പ് നടപടി എടുത്തത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ആര്‍ടിഒ ജോജി പി.ജോസ് ആണ് ഡ്രൈവര്‍ക്കെതിരെ നടപടി എടുത്തത്. മൂന്നു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം ആര്‍ടി ഓഫീസില്‍ ഹാജരായ ഡ്രൈവര്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിങ് ആവര്‍ത്തിക്കില്ലെന്നും മാപ്പാക്കണമെന്നും കേണപേക്ഷിച്ചെങ്കിലും പരിഗണിക്കാന്‍ തയ്യാറായില്ല.

ഈ വര്‍ഷം ഇതുവരെ കൊച്ചി നഗരത്തിലും പരിസരത്തും മാത്രം മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിച്ച കുറ്റത്തിനു 96 പേരുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ആര്‍ടിഒ പറഞ്ഞു. ഇതരഗതാഗത നിയമലംഘനത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായതു 475 ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആണ്.

Advertisements

ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് ലൈസന്‍സ് സസ്‌പെന്‍ഷന്‍. അപകടം സൃഷ്ടിച്ചതിനും റെഡ് സിഗ്‌നല്‍ ലംഘിച്ചതിനും മദ്യപിച്ചശേഷം വാഹനം ഓടിച്ചതിനും രണ്ടില്‍ക്കൂടുതല്‍ പേരെ ഇരുചക്ര വാഹനത്തില്‍ കയറ്റിയതിനുമൊക്കെയാണു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

ഈ കാലയളവില്‍ നടത്തിയ ഗതാഗതപരിശോധനയില്‍ നിയമലംഘനത്തിന് അയ്യായിരത്തോളം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. സ്വകാര്യവാഹനങ്ങള്‍ ഉപയോഗിച്ച്‌ ടാക്‌സി സര്‍വീസ്, രേഖകളില്ലാതെ വാഹനമോടിക്കല്‍, ഇന്‍ഷുറന്‍സും നികുതിയും അടയ്ക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കല്‍, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വിവിധ കേസുകളില്‍ ചുമത്തിയത്. എണ്ണൂറോളം ഇതര സംസ്ഥാന വാഹനങ്ങളും നിയമലംഘനത്തിനു പിടിയിലായി.

Share news

Leave a Reply

Your email address will not be published. Required fields are marked *