വായു ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ഗുജറാത്തില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം

ഗാന്ധിനഗര്‍: പടിഞ്ഞാറന്‍ തീരത്ത് വായു ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ഗുജറാത്തില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം. മറ്റന്നാള്‍ പുലര്‍ച്ചെ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടും. കര, നാവിക സേനകളുടേയും തീര സംരക്ഷണ സേനയുടേയും സഹായമഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍.
അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലിക്കാറ്റ് മഹാരാഷ്ട്ര ഗോവ തീരത്തുകൂടി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ച്ച ഗുജറാത്ത് തീരത്തുകൂടി കരയില്‍ പ്രവേശിക്കും. ചുഴലിക്കാറ്റിന് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റ പ്രവചനം.

പോര്‍ബന്ദര്‍, മഹുവ, വെരാവല്‍ തീരങ്ങളില്‍ മത്സ്യ ബന്ധന തൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്നും വിലക്കി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച മേഖലയിലെ സ്ക്കൂളുകള്‍ക്കും കോളേജുകള്‍ക്കും വ്യാഴാഴ്ച്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ദേശീയ ദുരന്ത നിവാരണ സേനയെ സൗരാഷ്ട, കച്ച് മേഖലകളില്‍ വിന്യസിച്ചു. പനാജി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യം നേരിടാന്‍ ആശുപത്രികള്‍ സജ്ജീകരിക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇന്നലെ രാത്രിയിലെ കനത്ത മഴ ശമിച്ചതോടെ മുംബൈ വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വ്വീസുകള്‍ പുനരാംരംഭിച്ചു. ഗുജറാത്തില്‍ നിന്നും വായു ചുഴലിക്കാറ്റ് വടക്കോട്ടാണ് നീങ്ങുക.
