KOYILANDY DIARY.COM

The Perfect News Portal

രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനവും ഭക്തരോടുള്ള ദ്രോഹവും: കടംകംപള്ളി സുരേന്ദ്രന്‍

കൊച്ചി : ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കിയത് കലാപത്തിനുള്ള ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനവും ഭക്തരോടുള്ള ദ്രോഹവുമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശബരിമലയില്‍ ചോര ഒഴുക്കാന്‍ 20 പേരെ നിര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. വലിയൊരു ഗൂഢാലോചനയ്ക്കാണ് നേതൃത്വം നല്‍കിയത്. കലാപത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നതായുള്ള സംശയങ്ങള്‍ സത്യമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. അത് നടക്കാതിരുന്നത് പൊലീസിന്റെ സംയമനത്തോടെയുള്ള ഇടപെടല്‍ മൂലമാണെന്നും,
എന്തിനാണ് കോപ്പുകൂട്ടിയതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളോട് രാഹുല്‍ ഈശ്വര്‍ വിശദീകരണമെന്നും കടകംപള്ളി പറഞ്ഞു. രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ക്ക് നില്‍ക്കാനുള്ള ഇടമല്ല ശബരിമല. ഭക്തര്‍ക്ക് മാത്രമായ ഇടമാണ് അവിടം. അവര്‍ അവിടെ വരികയും ദര്‍ശിച്ച്‌ തിരിച്ച്‌ പോകുകയും വേണം. ഭക്തര്‍ ദിവസങ്ങളോളം തമ്ബടിച്ചാല്‍ മറ്റു ഭക്തര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കടകംപള്ളി പറഞ്ഞു.

നേരത്തെ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നത്. ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച്‌ രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *