സഹകരണസംഘം ജീവനക്കാരിയെ പ്രസിഡന്റ് പീഡിപ്പിച്ചതായി പരാതി

മുതുകുളം: കനകക്കുന്നിൽ സഹകരണസംഘം ജീവനക്കാരിയെ പ്രസിഡന്റ് പീഡിപ്പിച്ചതായി പരാതി. മുതുകുളം സ്വദേശിയായ 44കാരി കനകക്കുന്ന് പൊലീസിന് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പ്രതി ഒളിവിലാണ്. കഴിഞ്ഞ മേയ് 12നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
സ്ഥാപനത്തിൽ ആളൊഴിഞ്ഞ സമയത്ത് പ്രസിഡന്റ് സമീപമെത്തി ലൈംഗികച്ചുവയുള്ള വാക്കുകൾ പറയുകയും തുടർന്ന് ബലമായി കടന്നു പിടിക്കുകയുമായിരുന്നെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും ചില ഇടപെടലുകളെത്തുടർന്ന് പൊലീസ് ഒത്തുതീർപ്പ് കരാറിൽ ഒപ്പിടുവിക്കുകയായിരുന്നെന്ന് ജീവനക്കാരി ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

പരാതി സ്റ്റേഷനിലേക്ക് കൈമാറിയതിനെത്തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇതിനിടെ പ്രതിയുടെ ആളുകൾ വധഭീഷണിയുമായി രംഗത്തുവന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ടെന്നും ജീവനക്കാരി പറഞ്ഞു.

