KOYILANDY DIARY.COM

The Perfect News Portal

പോഷകങ്ങളുടെ ഒരു കലവറയാണ് ബീറ്റ്‍റൂട്ട്: പക്ഷെ, പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കാറുണ്ടോ ഈ കാര്യങ്ങൾ

.

ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യവർദ്ധനവിലും ബീറ്റ്‌റൂട്ടിനുള്ള പങ്ക് ഏറെ വലുതാണ്. രക്തയോട്ടം വർധിപ്പിക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു കലവറയാണ് ബീറ്റ്‍റൂട്ട്. വീടുകളിൽ സലാഡായും ജ്യൂസായും പച്ചയ്ക്ക് ബീറ്റ്‌റൂട്ട് കഴിക്കുന്നത് സർവസാധാരണമാണെങ്കിലും പച്ചയ്ക്ക് ബീറ്റ്‍റൂട്ട് കഴിക്കുന്നത് എല്ലാവർക്കും ഒരുപോലെ സുരക്ഷിതമല്ല.

 

പ്രത്യേകിച്ച് വൃക്കസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഇത് ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ബീറ്റ്‌റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ‘ഓക്സലേറ്റുകൾ’ ആണ് ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നത്. സ്വാഭാവികമായി സസ്യങ്ങളിൽ കാണപ്പെടുന്ന ഒരു സംയുക്തമാണ് ഓക്സലേറ്റ്. പച്ചയ്ക്ക് ബീറ്റ്‌റൂട്ട് സ്ഥിരമായി കഴിക്കുമ്പോൾ ശരീരത്തിൽ ഓക്സലേറ്റിന്റെ അളവ് വല്ലാതെ കൂടുന്നു. മൂത്രത്തിലുള്ള കാൽസ്യവുമായി ഈ ഓക്സലേറ്റുകൾ കൂടിച്ചേരുമ്പോൾ ‘കാൽസ്യം ഓക്സലേറ്റ്’ രൂപപ്പെടുകയും, ഇത് വൃക്കകളിൽ കല്ല് ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു.

 

ലേസർ കിഡ്നി സ്റ്റോൺ ക്ലിനിക്കിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത് 100 ഗ്രാം ബീറ്റ്‌റൂട്ടിൽ ഏകദേശം 500 മുതൽ 650 മില്ലിഗ്രാം വരെ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ടെന്നാണ്. അതിനാൽ, മുൻപ് കിഡ്നി സ്റ്റോൺ വന്നിട്ടുള്ളവരോ വൃക്കസംബന്ധമായ മറ്റ് രോഗങ്ങളുള്ളവരോ പച്ച ബീറ്റ്‌റൂട്ട് കഴിക്കുന്നത് തീർച്ചയായും നിയന്ത്രിക്കേണ്ടതുണ്ട്.പോഷകഗുണങ്ങൾ നഷ്ടപ്പെടുത്താതെ ബീറ്റ്‌റൂട്ട് എങ്ങനെ കഴിക്കാമെന്ന് നോക്കിയാലോ?

 

ബീറ്റ്‌റൂട്ട് പച്ചയ്ക്ക് കഴിക്കുന്നതിന് പകരം ആവിയിൽ വേവിക്കുന്നതിലൂടെ അതിലെ ഓക്സലേറ്റിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സാധിക്കും. കൂടാതെ തെെരുമായി ചേർത്ത് കഴിക്കുന്നതും നല്ലതാണ്. തൈരിലെ കാൽസ്യം ബീറ്റ്‌റൂട്ടിലെ ഓക്സലേറ്റുമായി ചേർന്ന് അതിനെ വയറ്റിൽ വെച്ച് തന്നെ തടയുന്നു. ഇത് ഓക്സലേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് തടയാൻ സഹായിക്കും. കൂടാതെ, വേവിച്ചതോ പാകം ചെയ്തതോ ആയ ബീറ്റ്‌റൂട്ടിനൊപ്പം ജീരകവും നാരങ്ങാനീരും ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്താനും രക്തസമ്മർദം ക്രമീകരിക്കാനും സഹായിക്കും.

 

Share news
error: Content is protected !!