പയ്യോളി കൊളാവിപ്പാലത്ത് കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി
.
പയ്യോളി കൊളാവിപ്പാലത്ത് കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. ഈ സീസണിലെ ആദ്യത്തെ കടലാമക്കുഞ്ഞുങ്ങളെയാണ് വനം വകുപ്പിന്റെയും തീരം പ്രകൃതി സംരംക്ഷണ സമിതിയുടെയും നേതൃത്വത്തിൽ കടലിലിലേക്ക് ഒഴുക്കിവിട്ടത്. 91 കടലാമക്കുഞ്ഞുങ്ങളാണ് തീരം പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകരുടെ ഹാച്ചറിയിൽ വിരിഞ്ഞിറങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 21–നാണ് പയ്യോളി കടൽത്തീരത്തുനിന്ന് പയ്യോളി ബീച്ചിലെ പുളിവളപ്പിൽ ആനന്ദ്, മകൻ ശ്രീനന്ദ് എന്നിവർക്ക് 116 കടലാമ മുട്ടകൾ ലഭിച്ചത്.

ഇവർ അറിയിച്ചതനുസരിച്ച് തീരം പ്രവർത്തകർ മുട്ട ശേഖരിച്ച് കൊളാവിപ്പാലം കടലാമ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് മുട്ട വിരിയാൻ സമീപത്തെ ഹാച്ചറിയിലെ മണൽപരപ്പിൽ കുഴിയെടുത്ത് മണൽകൊണ്ട് മൂടി. കഴിഞ്ഞ ദിവസമാണ് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്.

കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ എൻ സാഹിറ, കൗൺസിലർ ടി എൻ നിഷാ, തീരം പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി സി ദിനേശ് ബാബു, ഹരിത സംരക്ഷണ സമിതി പ്രസിഡണ്ട് പി സതീശൻ, സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയന്റിസ്റ്റ് വൈശാഖ്, വടകര സോഷ്യൽ ഫോറസ്റ്ററി റെയ്ഞ്ച് ഓഫീസർ അഖിൽ നാരായണൻ, മണലിൽ മോഹനൻ, എൻ കെ ഇബ്രാഹിം, സജിത്ത് കുമാർ എന്നിവർ സംസാരിച്ചു.




