KOYILANDY DIARY.COM

The Perfect News Portal

ശക്തികുളങ്ങരയില്‍ കപ്പലിലെ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം

കൊല്ലം ശക്തികുളങ്ങരയില്‍ കപ്പലിലെ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. ശക്തികുളങ്ങരയില്‍ അടിഞ്ഞ MSC എല്‍സ ത്രീ കപ്പലില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത കണ്ടെയ്‌നറുകള്‍ മുറിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് സമയബന്ധിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. കണ്ടെയ്‌നറിലെ തെര്‍മോക്കോള്‍ കവചത്തിലാണ് തീപിടിച്ചത്.

 

ഇവിടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചപ്പോള്‍ പുക ഉയരുകയും തീപടരുകയും ചെയ്യുകയായിരുന്നു. കടലില്‍ നിന്ന് ശക്തമായ കാറ്റടിക്കുകയും ചെയ്തതോടെയാണ് തീ വ്യാപിച്ചത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ ഈ മാസം 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്. കൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ പത്ത് കണ്ടെയ്‌നറുകളാണ് ശക്തികുളങ്ങരയില്‍ അടിഞ്ഞത്.

 

അതേസമയം കൊച്ചിയിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും തീരത്തടിഞ്ഞ കണ്ടെയ്‌നറുകളും മാലിന്യവും നീക്കം ചെയ്തു തുടങ്ങി. കണ്ടെയ്‌നറുകള്‍ കണ്ടെത്താന്‍ സോണാര്‍ സര്‍വേ നടത്തുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. ആശങ്കപെടേണ്ട സാഹചര്യം ഇല്ല. കടലിലുള്ള മത്സ്യങ്ങൾ പൂർണ്ണമായും ഭക്ഷ്യയോഗ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

 

 

അറബിക്കടലിൽ മുങ്ങിയ എം എസ് സിയുടെ എൽസ 3 കപ്പലിൽ നിന്നും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരപ്രദേശങ്ങളിലേക്കാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. കണ്ടെയ്‌നറുകള്‍ സ്കാനിങ്ങിലൂടെ കണ്ടെത്തിയാണ് മാറ്റുക. അമേരിക്കയിലെ ടി&ടി ഷിപ്പിംഗ് കമ്പനിക്കാണ് ചുമതല. കപ്പലിലെ എണ്ണ നീക്കം ചെയ്യാന്‍ ജൂലൈ മൂന്നു വരെയാണ് കമ്പനി സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ അപകടകരമായ ഒരിന്ധനവും കടലില്‍ കലര്‍ന്നിട്ടില്ല എന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ആശങ്കപ്പെടേണ്ട സാഹചര്യം കേരളതീരത്ത് ഇല്ലെന്ന് റവന്യുമന്ത്രി പ്രതികരിച്ചു.

 

തീരത്തടിഞ്ഞ പാസ്റ്റിക് തരികള്‍ ഹരിതകര്‍മ്മസേനയും സന്നദ്ധസംഘടനകളും ചേര്‍ന്ന് നീക്കം ചെയ്ത തുടങ്ങി. തുമ്പ കടല്‍തീരത്തെ ശുചീകരണം റവന്യുമന്ത്രി നേരിട്ടെത്തി വിലയിരുത്തി.

Share news