150 ദിവസം ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി കോടതിയുടെ മുൻകൂർ ജാമ്യവുമായി സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്കൂളിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ 150 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷം ഹൈക്കോടതിയുടെ മുൻകൂർ ജാമ്യവുമായി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഹാജരായി. 2023 മെയ് മാസത്തിലാണ് സംഭവം. സ്കൂൾ വിദ്യാർത്ഥിനിയെ സ്വകാര്യ ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിൽവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

ചീക്കിലോട് സ്വദേശിയും കക്കോടി ഹയർ സെക്കണ്ടറി അദ്ധ്യാപകനും ആൽബം- നാടക നടനുമായ കാമൂർ ബിജുവാണ് (ബിജു ചീക്കിലോട് ) പ്രതി. മുമ്പും ഇയാൾക്കെതിരെ പരാതികൾ വന്നിരുന്നു. പീഡനത്തിന് ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ ആക്ഷേപമുയർന്നിരുന്നു. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ മുൻകൂർ ജാമ്യവുമായി ഹാജരായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി പൊട്ടൻസി ടെസ്റ്റ് നടത്തി ജാമ്യത്തിൽ വിടും.
