KOYILANDY DIARY.COM

The Perfect News Portal

ക്രിമിനൽ കേസിലകപ്പെട്ട വാഹനങ്ങളെ പിന്തുടരാൻ ശേഷിയുള്ള എ ഐ ക്യാമറയുമായി പൊലീസ്‌

തിരുവനന്തപുരം: ക്രിമിനൽ കേസിലകപ്പെട്ട വാഹനങ്ങളെ പിന്തുടരാൻ ശേഷിയുള്ള നിർമിത ബുദ്ധി (എഐ) ക്യാമറയുമായി പൊലീസ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 328 എഐ ക്യാമറകൾ കൂടി സ്ഥാപിക്കാനാണ്‌ പൊലീസ്‌ സർക്കാരിലേക്ക്‌ നിർദേശം നൽകിയിരിക്കുന്നത്‌.

നേരത്തേയുള്ള എഐ ക്യാമറകളിൽ നിന്ന്‌ വ്യത്യസ്തമായി റെക്കോർഡിങ്‌ സൗകര്യമുള്ള ക്യാമറകൾ സ്ഥാപിക്കാനാണ്‌ പൊലീസ്‌ ആലോചിക്കുന്നത്‌. നിലവിലുള്ള എഐ ക്യാമറകളിൽ ട്രാഫിക്‌ നിയമലംഘനങ്ങൾ പിടികൂടാനുള്ള സൗകര്യം മാത്രമാണുള്ളത്‌. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനങ്ങൾ നിയമാനുസൃത വേഗതയിലും സിഗ്നലുകൾ ലംഘിക്കാതെയും സീറ്റുബെൽറ്റടക്കമുള്ള സുരക്ഷാമുൻകരുതലുകൾ പാലിച്ചും രംഗത്തിറങ്ങിയാൽ പിടികൂടാനാകില്ലെന്ന ന്യൂനത കൂടി പരിഹരിച്ചുള്ള ക്യാമറകൾ സ്ഥാപിക്കാനാണ്‌ പൊലീസ്‌ ആലോചിക്കുന്നത്‌.

വാഹനാപകടങ്ങൾ കുറയ്ക്കാനായി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതലയോഗത്തിന്റെ തീരുമാനപ്രകാരമാണ്‌ അത്യാധുനിക സംവിധാനങ്ങളുള്ള ക്യാമറകൾ സ്ഥാപിക്കാൻ ധാരണയായത്‌. കുറ്റകൃത്യത്തിലേർപ്പെട്ടതോ കാണാതായതോ ആയ വാഹനങ്ങളുടെ നമ്പറുകൾ തിരിച്ചറിഞ്ഞ്‌ പൊലീസിന്‌  സഹായകരമാകുന്നതാകും പുതിയ ക്യാമറകൾ. കൺട്രോൾറൂമിൽ ലഭിക്കുന്ന വിവരപ്രകാരം കുറ്റവാളികൾക്കെതിരെ കർശനനടപടി സ്വീകരിക്കാൻ പൊലീസിനാകും.

Advertisements

നിലവിൽ പൊലീസിന്റെ ഉടമസ്ഥതയിൽ 100  ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്‌. ഇതിന്‌  പുറമെ പൊലീസിന്റെ അതിർത്തി ചെക്പോസ്റ്റുകളിലും എഐ ക്യാമറയുണ്ട്‌. മോട്ടോർ വാഹനവകുപ്പിന്റെ 675 ക്യാമറകളും നിലവിലുണ്ട്‌. പുതിയ ക്യാമറകൾ കൂടി വരുന്നതോടെ ട്രാഫിക്‌ നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കുറച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ്‌ പൊലീസ്‌. പൊലീസ്‌ കണ്ടെത്തിയിട്ടുള്ള ബ്ലാക്ക്‌ സ്‌പോട്ടുകൾക്ക്‌ മുൻഗണന നൽകിയാകും ക്യാമറകൾ സ്ഥാപിക്കുക.

Share news