KOYILANDY DIARY.COM

The Perfect News Portal

സപ്ലൈകോയുടെ ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയറുകള്‍ 2024 ഡിസംബര്‍ 21 മുതല്‍

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയറുകള്‍ 2024 ഡിസംബര്‍ 21 മുതല്‍ 30 വരെ സംഘടിപ്പിക്കും. ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 21 ന് രാവിലെ 10.30 ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുത്തരിക്കണ്ടം മൈതാനിയിലെ നായനാര്‍ പാര്‍ക്കില്‍ നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും.

ഫെയറുകള്‍ സംഘടിപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളില്‍ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് സപ്ലൈകോ ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയറായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

 

13 ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്.എം.സി.ജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 40 ശതമാനം വിലക്കുറവില്‍ ഫെയറുകളിലൂടെ വില്‍പന നടത്തും. ബ്രാന്റ‍ഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയില്‍ നല്‍കുക. ഇതിനു പുറമെ ജില്ലാ ഫെയറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും 21 മുതല്‍ 30 വരെ ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 വരെ ഫ്ലാഷ് സെയില്‍ നടത്തും സബ്സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കുന്ന ഓഫറിനെക്കാള്‍ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisements
Share news