കോംപ്കോസ് ”കൊയിലാണ്ടി ഫെസ്റ്റി”ന് ഇന്ന് തിരിതെളിയും

കൊയിലാണ്ടി: ആടാം.. പാടാം.. ഉല്ലസിക്കാം.. ആഘോഷ വേളകൾ ആനന്ദകരമാക്കാൻ നിറപ്പകിട്ടാർന്ന വൻ ഘോഷയാത്രയോടെ കോംപ്കോസ് ”കൊയിലാണ്ടി ഫെസ്റ്റി”ന് ഇന്ന് തിരിതെളിയും. വൈകീട്ട് 3 മണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരചുറ്റി ഫെസ്റ്റ് നഗരിയിൽ എത്തിച്ചേരും. തുടർന്ന് കാനത്തിൽ ജമീല എം.എൽ.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡിസംബർ 20ന് ആരംഭിച്ച് ജനുവരി 5നാണ് കൊയിലാണ്ടി ഫെസ്റ്റ് അവസാനിക്കുക.

കൊയിലാണ്ടി മുത്താമ്പി റോഡിൽ ടോൾ ബൂത്തിനു സമീപമാണ് ഫെസ്റ്റിന് വേദി ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും വൈകീട്ട് 3 മണി മുതൽ രാത്രി 9.30 വരെയാണ് പ്രവേശനം. കൊടൈക്കനാലിലെ ഗുണാ കേവ് മോഡലിലുള്ള പ്രദർശനത്തിൽ വിദേശ രാജ്യങ്ങളിലെ പക്ഷികളുടെ അദ്ഭുതലോകത്തേക്കാണ് നമ്മൾ കടന്നുചെല്ലുന്നത്.


കുട്ടികൾക്കും മുതിർന്നവർക്കും ആടിയും പാടിയും ഉല്ലസിക്കാൻ കഴിയുന്ന പുതുപുത്തൻ സാങ്കേതിക വിദ്യകളിൽ രൂപംകൊടുത്ത അമ്യൂസ്മെൻ്റുകൾ, ഫാമിലി ഗെയിം, ഫ്ലവർ ഷോ, ഫുഡ് കോർട്ട്, വ്യാപാര സ്റ്റാളുകൾ, കാർഷിക നഴ്സറി എന്നിവ ഉൾപ്പെടെ ഒരുക്കിയ ഫെസ്റ്റിൽ എല്ലാ ദിവസവും സ്റ്റേജ് ഷോകളും സംഘടിപ്പിക്കുന്നു.

