തൃശൂരിൽ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ബിജെപിക്ക് വേണ്ടി; മുഖ്യമന്ത്രി

അടൂര്‍: തൃശൂരിൽ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുരേഷ് ഗോപിയെ ഏതെങ്കിലും വിധത്തിൽ അവിടെ ജയിപ്പിക്കാൻ പറ്റുമോ എന്നാണ് അവരുടെ നോട്ടം. ഇതുകൊണ്ടൊന്നും സുരേഷ് ഗോപി ജയിക്കില്ല. തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താകും. ഇഡിയുടെ ധാരണ സിപിഐ എമ്മിന്റെ പ്രവര്‍ത്തനം ബാങ്ക് അക്കൗണ്ടുകളുടെ ഭാഗമായാണ് നടക്കുന്നതെന്നാണ്. സിപിഐ എമ്മിന് വോട്ട് മാത്രമല്ല ജനം തരുന്നത്.

സിപിഐ എം തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത് ജനങ്ങൾ നൽകുന്ന പണം കൊണ്ടാണ്. അങ്ങനെയുള്ള പാര്‍ടിയേയും അവരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തേയും നിര്‍വീര്യമാക്കാമെന്ന് കരുതരുത്. തൊഴിലുറപ്പ് തൊഴിലാളികളെ ആക്ഷേപിക്കുന്ന നിലപാട് യുഡിഎഫിന്റെ നിലവാരത്തെ സൂചിപ്പിക്കുന്നു. ഇത്രയും തരംതാഴുന്ന യുഡിഎഫുകാരെ കുറിച്ച് കൂടുതലെന്ത് പറയാനാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പാനൂരിൽ ബോംബ് നിർമാണം നടത്തിയത് നിയമ വിരുദ്ധമാണ്. സിപിഐ എം പ്രവർത്തകരിലോ നേതാക്കളിലോ ചിലർ അവിടെ വീട്ടിൽ സന്ദർശിച്ചു എന്നത് വലിയ വിഷയമാക്കേണ്ട. വീടിനടുത്ത് മരണമുണ്ടെങ്കിൽ സ്വാഭാവികമായും അയൽക്കാര്‍ എന്ന നിലയിൽ വീട്ടിൽ പോകും. സാമൂഹ്യ ജീവിതത്തിൽ നമ്മൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാറുണ്ട്. അതിനെ ആ വിധത്തിലേ കാണേണ്ടതുള്ളൂ. ബോംബ് നിര്‍മാണം കേരളത്തില്‍ നടത്തേണ്ട ഒരു സാഹചര്യവും ഇല്ല. അതിനെതിരെ നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് സംസ്ഥാനത്തെ ഒറ്റുകൊടുക്കുന്നു
സംസ്ഥാനത്തെ ഒറ്റുകൊടുക്കുന്ന നടപടികളാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഏജന്റുമാരായാണ് കോൺഗ്രസ് നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ പ്രവര്‍ത്തനം സുതാര്യമാണ്. പ്രൊഫഷണലുകളും സാമ്പത്തിക വിദഗ്ധരും അടങ്ങിയ സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെടെയുള്ള കിഫ്ബി ബോർഡാണ് തീരുമാനങ്ങൾ എടുക്കുന്നത്. അല്ലാതെ തോമസ് ഐസക്കോ മറ്റേതെങ്കിലും വ്യക്തിയോ അല്ല. വികസനപ്രവർത്തനങ്ങൾക്ക് ഭരണ, പ്രതിപക്ഷ ഭേദം ഉണ്ടായിട്ടില്ല. കിഫ്ബിയുടെ വികസന പദ്ധതികൾ ഇല്ലാത്ത ഒരു നിയമസഭ മണ്ഡലവും ഇല്ല.

എൺപതിനായിരം കോടിയിലേറെ മൂല്യം വരുന്ന ആയിരത്തിലേറെ പദ്ധതികൾ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാവുകയാണ് പ്രതിപക്ഷം. കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കോൺഗ്രസും ബിജെപിയും കാണുന്നത്. അതിനെതിരെയുള്ളൊരു വികാരം നാട്ടില്‍ ഉയരുന്നുണ്ട്. അതിനനുസൃതമായ വിധിയാകും സംസ്ഥാനത്തുണ്ടാവുക. ആ വിധിയെ യുഡിഎഫും ബിജെപിയും ഒരുപോലെ ഭയപ്പെടുന്നു. തെരഞ്ഞെടുപ്പ് ചർച്ചകളിൽനിന്ന് ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളും നാട് നേരിടുന്ന വെല്ലുവിളികളും ഒഴിവാക്കാനാണ് രണ്ട് കൂട്ടരും ശ്രമിക്കുന്നത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും പ്രതികാര ബുദ്ധിയുമാണ് ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം. അത് പൂർണമായും മറച്ച് കേരളമെന്തോ കടമെടുത്ത് മുടിയുകയാണെന്നാണ് യുഡിഎഫും ബിജെപിയും പറയുന്നത്.

എല്ലാ സംസ്ഥാനങ്ങളും കടമെടുത്താണ് മുന്നോട്ടു പോകുന്നത്. ഇന്നും ഏറ്റവും കൂടുതൽ കടമെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ കേരളമില്ല. കടക്കെണിയിലുമല്ല. വരവ് ചെലവുകളിലെ പൊരുത്തക്കേടുകൾ പരിഹരിച്ച് സംസ്ഥാനങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ട്കൊണ്ടുപോകുന്നത് കടമെടുത്താണ് കേന്ദ്രസർക്കാരും ഇത് തന്നെയാണ് ചെയ്യുന്നത്. ‘ധനകാര്യ മിസ് മാനേജ്മെന്റ്’ എന്ന് കേന്ദ്രം ആക്ഷേപിക്കുന്ന അതേ സമയത്താണ് കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിതി ആയോഗ് ഉൾപ്പെടെ 24 പുരസ്കാരം കേരളത്തിന് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി ഭരണത്തില്‍
മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകും
ബിജെപി ഭരണത്തിൽ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിബിസിയുടെ രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുന്നത് ഇതിന്റെ ഭാഗമാണ്. എല്ലാ സ്വേഛാധിപത്യ ഭരണകൂടങ്ങളും മാധ്യമങ്ങളെ വരുതിയിലാക്കാൻ എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് നമ്മൾ കണ്ടതാണ്. ഭീഷണിപ്പെടുത്തി വരുത്തിയിലാക്കാൻ പറ്റുന്നില്ലെങ്കിൽ ഇല്ലാതാക്കാനാണ് ശ്രമം. അടിയന്തരാവസ്ഥകാലത്തും ബിബിസിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്.

2014ൽ ബിജെപി അധികാരത്തിൽ വന്നശേഷം ലോകത്ത് മാധ്യമ സ്വാതന്ത്ര്യത്തിൽ രാജ്യം 106 -ാം സ്ഥാനത്തേക്ക് താഴ്ന്നു. കുനിയാൻ പറഞ്ഞാൽ മുട്ടിൽ ഇഴയുന്ന മാധ്യമങ്ങളുണ്ട്. അല്ലാത്തവയെ അടിച്ചമർത്താനാണ് ശ്രമം. സംഘപരിവാറിന്റെ കൈയൂക്ക് കൊണ്ട് അവയെ വേട്ടയാടുകയാണ്. കേരളത്തിലും ചില മാധ്യമങ്ങൾക്ക് ഇത്തരം അനുഭവമുണ്ട്. 2022 ജൂലൈ നാലിന് കേന്ദ്രമന്ത്രി കേരളത്തിൽ ചില മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരെ വിളിച്ചുകൂട്ടി. മാധ്യമങ്ങൾ നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാനാണ് എന്നാണ് പറഞ്ഞത്. എന്നാൽ പാർലമെന്റിൽ ഇതു സംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകിയത് കേന്ദ്ര പദ്ധതികളെ കുറിച്ച് അവബോധം ഉണ്ടാക്കാനാണെന്നാണ്. ഇത്തരം കാര്യങ്ങളും തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
