KOYILANDY DIARY.COM

The Perfect News Portal

തെരുവുനായ്ക്കള്‍ക്ക് ദയാവധം; സുപ്രീംകോടതി ജൂലൈ 12ന് വാദം കേള്‍ക്കും

തെരുവുനായ്ക്കള്‍ക്ക് ദയാവധം; സുപ്രീംകോടതി ജൂലൈ 12ന് വാദം കേള്‍ക്കും.. അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി അടുത്ത മാസം 12ന് വാദം കേള്‍ക്കുക. ജില്ലാ പഞ്ചായത്തിന്റെ അപേക്ഷ പ്രധാന ഹര്‍ജിക്കൊപ്പം പരിഗണിക്കും. മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ പതിനൊന്ന് വയസ്സുകാരന്‍ തെരുവ് നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് കോടതി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ നടത്തിയ ഇടപെടലാണ് വിഷയം സപ്രീം കോടതിയുടെ ശ്രദ്ധയിൽ എത്തിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ തെരുവ് നായകളുടെ അക്രമം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചത്. പേപ്പട്ടിയെന്ന് സംശയിക്കുന്നവയെയും അക്രമകാരികളായ നായ്ക്കളെയും വേദനരഹിതമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കണ്ണൂര്‍ ജില്ലയില്‍ നായ്ക്കള്‍ കൂട്ടത്തോടെ കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹര്‍ജിയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കണ്ണൂരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്ന സംഭവം നേരത്തെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

Share news