KOYILANDY DIARY.COM

The Perfect News Portal

പാരിസ് ഡയമണ്ട് ലീഗ്: മലയാളി താരം എം ശ്രീശങ്കറിന് മൂന്നാം സ്ഥാനം

പാരിസ് ഡയമണ്ട് ലീഗിൽ പുരുഷ വിഭാഗം ലോങ്ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് മൂന്നാം സ്ഥാനം. ലോകത്തെ മുൻനിര താരങ്ങൾ മത്സരിച്ച ലീ​ഗിലാണ് മലയാളി താരത്തിന്റെ അഭിമാന നേട്ടം. 8.09 മീറ്റർ‌ ചാടിയാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം നേടിയത്. മൂന്നാം ജംപിലാണ് ഈ നേട്ടം. പാരിസ് ഡയമണ്ട് ലീഗിൽ ഇത്തവണ പങ്കെടുത്ത ഏക ഇന്ത്യൻ താരമാണ് ശ്രീശങ്കർ. ഡയമണ്ട് ലീഗിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയ മൂന്നാമത്തെ ഇന്ത്യൻ താരവും.

ഡിസ്കസ്ത്രോ താരം വികാസ് ഗൗഡയും ജാവലിൻത്രോ താരം നീരജ് ചോപ്രയുമാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ജംപ് ഇനങ്ങളിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ശ്രീശങ്കറിന്റെ രണ്ടാമത്തെ ഡയമണ്ട് ലീ​ഗ് മത്സരമാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന മൊണാക്കോ ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപിൽ ശ്രീശങ്കർ ആറാം സ്ഥാനത്തായിരുന്നു.

ഒളിംപിക്സ് ചാംപ്യനായ ഗ്രീസ് താരം മിൽത്തിയാദിസ് തെന്റഗ്ലൂ 8.13 മീറ്റർ ചാടി ഒന്നാം സ്ഥാനവും ലോക ചാംപ്യൻഷിപ് വെങ്കല മെഡൽ ജേതാവായ സ്വിറ്റ്സർലൻഡ് താരം സൈമൺ ഇഹാമർ 8.11 മീറ്റർ ചാടി രണ്ടാം സ്ഥാനവും നേടി. ആദ്യ രണ്ടു ശ്രമങ്ങളിൽ 7.79 മീറ്ററും 7.94 മീറ്ററും ചാടിയ ശ്രീശങ്കർ മൂന്നാം ശ്രമത്തിലാണ് 8.09 മീറ്റർ ചാടി പട്ടികയിൽ ഇടം നേടിയത്.  ശ്രീശങ്കറിന്റെ നാലാമത്തെയും ആറാമത്തെയും ചാട്ടങ്ങൾ ഫൗളായി. കഴിഞ്ഞ വർഷം ബർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ശ്രീശങ്കർ വെള്ളി മെഡൽ നേടിയിരുന്നു.

Advertisements

 

Share news