KOYILANDY DIARY

The Perfect News Portal

വടകരയിൽ ബസ് യാത്രക്കിടെ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍

വടകരയിൽ ബസ് യാത്രക്കിടെ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. വടകര-ആയഞ്ചേരി റൂട്ടിലോടുന്ന ശ്രേയസ് ബസിലാണ് മോഷണം നടന്നത്. തമിഴ്‌നാട് ഡിണ്ടിക്കല്‍ പാറപ്പെട്ടി കാവ്യയാണ് (24) വടകര പോലീസിന്റെ പിടിയിലായത്. വളള്യാട് വണ്ണാത്തി പറമ്പത്ത് ബാലന്റെ ഭാര്യ സുധയുടെ ഒന്നേ മുക്കാല്‍ പവന്‍ സ്വര്‍ണമാണ് യാത്രക്കിടയില്‍ കാവ്യ മോഷ്ടിച്ചത്.

വടകര ഗവ ആശുപത്രി പരിസരത്ത് നിന്ന് പഴയ ബസ് സ്റ്റാന്റിലേക്കുള്ള യാത്രക്കിടെയാണ് ആഭരണം നഷ്ടമായത്. സ്വർണ്ണ മാല നഷ്ടമായതറിഞ്ഞ് സുധ ബഹളം വെച്ചതോടെ ബസ് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും പോലീസെത്തി പരിശോധിച്ചപ്പോള്‍ കാവ്യയുടെ ബാഗില്‍ നിന്നു സ്വര്‍ണമാല കണ്ടെടുക്കുകയുമായിരുന്നു. തുടർന്ന് കസ്റ്റഡിയിലായ യുവതി സ്റ്റേഷനിൽ ബഹളം വെക്കുകയും പോലീസിന്റെ ചോദ്യം ചെയ്യലിൽ നിസ്സഹകരിക്കുകയും ചെയ്തു.

സുധയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലെത്തി മാന്യമായ വസ്ത്രങ്ങൾ ധരിച്ച് രണ്ടും, മൂന്നും സംഘങ്ങളായി തിരിഞ്ഞ് ഗ്രാമീണ മേഖലകളിലെ തിരക്കേറിയ ബസുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

Advertisements

കാവ്യക്കെതിരെ പാലക്കാട് ജില്ലയിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളും, കുട്ടികളും ആണ് ഇത്തരക്കാരുടെ ലക്ഷ്യം. വടകര- കുറ്റ്യാടി, തൊട്ടിൽ പാലം റൂട്ടുകളിൽ ഇത്തരം കേസുകൾ വ്യാപകമായിട്ടുണ്ട്. തമിഴ് നാട്ടിൽ നിന്ന് കൂട്ടമായി എത്തുന്ന ഈ സംഘങ്ങൾ കവർച്ച നടത്തി ആഭരണങ്ങളുമായി തമിഴ് നാട്ടിലേക്ക് കടക്കുകയാണ് പതിവ്.