യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെതിരെ പരാതി നൽകിയ വനിതാ നേതാവിനെ പുറത്താക്കി
ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി വി ശ്രീനിവാസിനെതിരെ പരാതി നൽകിയ അസം യൂത്ത് കോൺഗ്രസ് അധ്യക്ഷ അംഗിത ദത്തയെ പാർട്ടിയിൽനിന്ന് പുറത്താക്കി. ആറ് വർഷത്തേക്കാണ് പുറത്താക്കിയത്. ശ്രീനിവാസ് തുടർച്ചയായി ദ്രോഹിക്കുകയും തനിക്കെതിരെ പോസ്റ്ററുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പരാതി. എഐസിസി നേതൃത്വത്തിന് പരാതി നൽകിയിട്ട് നടപടിയുണ്ടായില്ലെന്നും അംഗിത ആരോപിച്ചിരുന്നു.

ആറ് മാസമായി ബി.വി ശ്രീനിവാസും ഐ.വൈ.സി ജനറൽ സെക്രട്ടറി ഇൻചാർജ് വർധൻ യാദവും തന്നെ ദ്രോഹിക്കുകയാണെന്നാണ് അംഗിതയുടെ പരാതി. ഇരുവരും ചേർന്ന് പലയിടത്തും തന്നെ അവഗണിച്ചിട്ടുണ്ട്. റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് എത്തിയപ്പോൾ ഏത് മദ്യമാണ് കുടിക്കുന്നതെന്ന് ബി.വി ശ്രീനിവാസ് ചോദിച്ചു. പാർട്ടി മീറ്റിംങ്ങുകളിൽ ഉൾപ്പെടെ തന്നെ അവഹേളിക്കുകയാണ്. ബി.ജെ.പിയിലേക്ക് പോകൂ എന്ന് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയ്ക്ക് ഒപ്പമുള്ള ഫോട്ടോകൾ ഉൾപ്പെടെ പ്രചരിപ്പിച്ചതായും അംഗിത ആരോപിച്ചു.
