സമ്മാനാർഹർ എത്തിയില്ല: കഴിഞ്ഞ 13 വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത് 1000 കോടിയിലധികം രൂപ!
തിരുവനന്തപുരം: സമ്മാനമടിച്ചവര്‍ ലോട്ടറി ടിക്കറ്റ് ഹാജരാക്കാത്തതിനാല്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത് 1000 കോടിയിലധികം രൂപ!സമ്മാനാര്‍ഹര്‍ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ തുക സര്‍ക്കാര്‍ ഖജനാവിലേക്ക് തന്നെ പോകുന്നതു വഴിയാണിത് സംഭവിച്ചത്.ഭാഗ്യപരീക്ഷണത്തിനുള്ള മലയാളിയുടെ ത്വര മൂലം പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്.

വില്‍ക്കാനെത്തുന്ന ആളെ സഹായിക്കാനെന്ന നിലയില്‍ ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും സമ്മാനം ലഭിച്ചോയെന്ന് പരിശോധിക്കാത്തതാണ് സര്‍ക്കാറിന് ഗുണമാകുന്നത്. ഒന്നാം സമ്മാനമായ ലക്ഷങ്ങള്‍ വാങ്ങാന്‍ എത്താത്തവര്‍ പോലും നിരവധിയാണ്. കഴിഞ്ഞ 13 വര്‍ഷത്തെ ഏകദേശ കണക്കാണ് 1000 കോടിയിലേറെ. ടിക്കറ്റ് ഹാജരാക്കാത്തതിനാല്‍ 2010-18 കാലത്ത് സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് 663.96 കോടിയെന്നാണ് ഔദ്യോഗിക കണക്ക്. രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരം.

ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് 2017ലാണ്; 135,85,31,400 (135.85 കോടി) രൂപ. 2010ല്‍ 15,26,12,434, ’11ല്‍ 23,36,48,130, ’12ല്‍ 48,88,08,850, ’13 ല്‍ 70,34,63,750, ’14 ല്‍ 82,21,86,250, ’15ല്‍ 91,60,79,000,’16ല്‍ 105,57,95,700,’18 ല്‍ 90,85,54,400 എന്നിങ്ങനെയാണു കണക്ക്. 2019 മുതല്‍ 2023 വരെയുള്ള വിവരം ലഭിച്ചിട്ടില്ല. കണക്കുകള്‍ ക്രോഡീകരിച്ചിട്ടില്ലെന്നാണ് മറുപടി. ലോട്ടറി ടിക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് വകുപ്പിന്‍റെ ഈ നിലപാട്.


