കുട്ടനാട്ടിൽ നെല്ലുസംഭരണം പുരോഗമിക്കുന്നു. സംഭരിച്ചത് 84,773 മെട്രിക് ടണ്‍ നെല്ല്
ആലപ്പുഴ: എല്ലായിടത്തും നല്ല വിളവ്. കാലാവസ്ഥയും മറ്റ് തടസങ്ങളുമില്ല. നെല്ല് സംഭരണത്തിലും പരാതികളില്ല. കൊയ്‌ത്ത് കഴിഞ്ഞ പാടത്ത് കർഷകരുടെ ആഹ്ളാദം. ജില്ലയിൽ പുഞ്ചകൃഷി (രണ്ടാംവിള) വിളവെടുപ്പ് അതിവേഗമാണ് മുന്നേറുന്നത്. ഇതുവരെ 84,773 മെട്രിക് ടൺ നെല്ല് സംഭരിച്ചു.കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലടക്കം ജില്ലയിൽ 28,600 ഹെക്‌ടർ ഭൂമിയിലാണ് നെൽകൃഷി. ഇതിൽ 22,600 ഹെക്‌ടറിൽ കൊയ്‌ത്ത് പൂർത്തിയായി. ഇനി 6000 ഹെക്‌ടർ നെല്ലാണ് കൊയ്യാൻ ബാക്കിയെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി കുര്യാക്കോസ് പറഞ്ഞു. ചെങ്ങന്നൂർ, ചാരുംമൂട്, കായംകുളം, ഹരിപ്പാട് മേഖലയിലാണിത്. മെയ് ആദ്യവാരം 90 ശതമാനം നെല്ല് സംഭരണം പൂർത്തിയാക്കും.

യന്ത്രങ്ങൾ ആവശ്യത്തിന് കിട്ടിയതിനാൽ കൊയ്‌ത്തിന് തടസങ്ങളില്ല. 60 മില്ലുമായും പ്രശ്‌നങ്ങളുണ്ടായില്ല. മാർച്ച് 15 വരെ സംഭരിച്ച നെല്ലിന്റെ പണം കർഷകരുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിനേക്കാൾ നല്ല വിളവെടുപ്പാണ് മിക്കയിടത്തും ലഭിച്ചത്. തലവടി, തകഴി, നീലംപേരൂർ, ചമ്പക്കുളം, എടത്വ, കാവാലം അടക്കമുള്ള മേഖലയിലും നല്ല വിളവെടുപ്പാണ്. നെല്ല് സംഭരണം മെയ് പകുതിയോടെ പൂർത്തിയാകുമെന്ന് പാഡി മാർക്കറ്റിങ് ഓഫീസർ അനിൽ ആന്റോ പറഞ്ഞു. ശരാശരി 1500 മെട്രിക് ടൺ ദിവസേന സംഭരിക്കുന്നുണ്ട്. ബുധൻവരെയുള്ള കണക്കാണ് 84,773 മെട്രിക് ടൺ –- അദ്ദേഹം അറിയിച്ചു.


കൊയ്‌തത് ചൊവ്വാഴ്‌ച. ഒറ്റ ദിവസംകൊണ്ട് പൂർത്തിയായി. പിറ്റേന്ന് മുഴുവൻ നെല്ലും സംഭരിച്ചു – തലവടി കണ്ടങ്കേരി-കടമ്പങ്കേരി പാടശേഖര സമിതി സെക്രട്ടറി മോഹനനും കർഷകൻ എം കെ രവീന്ദ്രനും പറഞ്ഞു. ഇക്കുറി നല്ല രീതിയിൽ കൃഷി നടത്താനായി. മികച്ച വിളവായിരുന്നു. മഴയുണ്ടായില്ല. ഒരൊറ്റ നെല്ലും വീണിട്ടില്ല. 14 കൊയ്‌ത്ത് യന്ത്രങ്ങൾ വന്നു. വിളവെടുപ്പ് തുടങ്ങിയപ്പോഴേ സംഭരണത്തിന് തയ്യാറായി മില്ലുകാരുണ്ടായിരുന്നു. നെല്ല് കരയ്‌ക്ക് കൊയ്‌തുകൂട്ടിയതും ലോറിയിൽ കയറിപ്പോയി. അത് മനസിന് വലിയ ആശ്വാസമായി. ഉടൻ പണം ബാങ്കിലെത്തുന്നതിലുള്ള സന്തോഷവും ഇരുവരും പങ്കുവച്ചു.


