KOYILANDY DIARY.COM

The Perfect News Portal

ഇരിങ്ങാലക്കുടയില്‍ ഇന്നസെന്റ് ഇനിയില്ല.. വിട നല്‍കാനൊരുങ്ങി ജന്മനാട്

ഇന്നസെന്റിന് വിട നല്‍കാനൊരുങ്ങി ജന്‍മനാടായ ഇരിങ്ങാലക്കുട. ഇന്നസെന്റിന്റെ ഭൗതികശരീരം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം ഇന്ന് വൈകീട്ട് മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ 10ന് സെന്റ് തോമസ് കത്തിഡ്രല്‍ സെമിത്തേരിയിലാണ് സംസ്‌ക്കാരച്ചടങ്ങുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നടന്‍, മോഹന്‍ലാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കുന്നത് ഇരിങ്ങാലക്കുടയിലാണ്.

പിറന്ന നാട്ടിലേക്ക് ഇന്നസെന്റ് എന്ന മഹാനടന്റെ ചേതനയറ്റ ശരീരമെത്തുമ്പോള്‍ സങ്കടത്താല്‍ വീര്‍പ്പുമുട്ടുന്നുണ്ട് ഇരിങ്ങാലക്കുടയെന്ന ദേശം. പിതാവ് വറീതീന്റെ തണലില്‍ വളര്‍ന്ന ബാല്യമായിരുന്നു ഇന്നസെന്റിന്റേത്. സൗഹൃദത്തിന്റെ തീക്ഷ്ണ ബന്ധങ്ങള്‍ ഉള്ള ഇടം. സിനിമ രംഗത്തെ ഔന്നത്യത്തിലേക്ക് കുതിക്കുമ്പോഴും ഈ നാടിനെ ഹൃദയത്തോട് ചേര്‍ത്തിട്ടുണ്ട് ഇന്നസെന്റ്. ആ സ്‌നേഹവായ്പ് കൂടിയാണ് ലോക്‌സഭാ തെരഞ്ഞടുപ്പ് വിജയത്തിലേക്ക് ഇന്നസെന്റിനെ നയിച്ചതും. ആ മണ്ണിലേക്കുള്ള മടക്കമാണ് ഇനി ഇന്നച്ചന്.

ഉച്ചയ്ക്ക് ശേഷം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് മൃതദേഹം വീട്ടിലേക്കെത്തിക്കും. രാവിലെ 10 മണിക്ക് സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കും. സെന്റ് തോമസ് പള്ളിയിലെ സെമിത്തേരിയില്‍ വറീതിന്റെയും അമ്മ മാര്‍ഗലീത്തയുടെയും കല്ലറകള്‍ക്കടുത്ത് നിത്യതയിലേക്ക് പടരും ഇന്നസെന്റ് എന്ന നക്ഷത്രം.

Advertisements
Share news