തിക്കോടി എഫ് സി ഐ യിൽ സംഘർഷം
തിക്കോടി എഫ് സി ഐ യിൽ സംഘർഷം. പയ്യോളി: തൊഴിൽ നിഷേധത്തിനെതിരെ എഫ് സി ഐ യിലെ സ്ഥിരം ലോറി തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കരാറുകാരൻ അനധികൃതമായി കൊണ്ടു വന്ന ലോറികൾ തൊഴിലാളികൾ തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

സംഘർഷത്തിൽ നാല് സ്ഥിരം തൊഴിലാളികൾക്ക് പരിക്കേറ്റു. പി. ടി. ബാബു, പുത്തൂക്കാട്ട് രമേശൻ, പി. ഇ. രവീന്ദ്രൻ , കെ. ഇ. ശിവദാസൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടെൻഡറിന് വിരുദ്ധമായി 20 ലോറികളുമായി കരാറുകാരൻ എത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്.

അനധികൃതമായി വന്ന ലോറികൾ ഗേറ്റ് പാസ് വാങ്ങി അകത്തുകടന്ന ശേഷം ഡ്രൈവർമാർ ചട്ടവിരുദ്ധമായി പുറത്തു വന്ന് സമരം ചെയ്യുന്ന തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. ലോറികൾ തടഞ്ഞ 10 സ്ഥിരം തൊഴിലാളികളെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.

സി. ഐ. ടി. യു, ഐ. എൻ. ടി. യു. സി, ബി. എം. എസ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം. 22 മുതൽ അനിശ്ചിതകാല സമരം തുടങ്ങും. എഫ് സി ഐ യിലെ സ്ഥിരം ലോറി തൊഴിലാളികൾ നടത്തി വരുന്ന സമരം ഗുണ്ടകളെ ഉപയോഗിച്ച് തകർക്കാമെന്ന് കരാറുകാർ വ്യാമോഹിക്കേണ്ടെന്ന് സി.ഐ.ടി.യു പയ്യോളി ഏരിയാ സെക്രട്ടറി കെ. കെ. പ്രേമൻ പറഞ്ഞു.

