KOYILANDY DIARY.COM

The Perfect News Portal

മംഗളൂർ ഹമ്പൻകട്ടയിലെ ജ്വല്ലറി ജീവനക്കാരൻ്റെ കൊലപാതകം, ചേമഞ്ചേരി സ്വദേശി അറസ്റ്റിൽ

മംഗളൂർ ഹമ്പൻകട്ടയിലെ ജ്വല്ലറി ജീവനക്കാരൻ്റെ കൊലപാതകം, ചേമഞ്ചേരി സ്വദേശി അറസ്റ്റിൽ. കാസർകോട്: ജ്വല്ലറി ജീവനക്കാരനായ അത്താവർ സ്വദേശി രാഘവേന്ദ്ര ആചാര്യ (54) കഴിഞ്ഞ ഫെബ്രുവരി 3 ന് വൈകിട്ടാണ് കൊല്ലപ്പെട്ടത്. ദിവസങ്ങൾ  നീണ്ട തിരച്ചിലിനൊടുവിലാണ് കേസിലെ മുഖ്യപ്രതിയെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചേമഞ്ചേരി സ്വദേശി ഷിഫാസ് (33) ആണ് അറസ്റ്റിലായത്.

മംഗളൂർ ഹമ്പൻകട്ടയിലെ മിലാഗ്രസ് സ്കൂളിന് സമീപമുള്ള മംഗളൂരു ജ്വല്ലേഴ്സ് എന്ന ജ്വല്ലറിയിൽ രാഘവേന്ദ്ര ആചാര്യ തനിച്ചുണ്ടായിരുന്ന സമയത്ത് ഉപഭോക്താവിൻ്റെ വേഷത്തിൽ എത്തിയ കൊലയാളി ജീവനക്കാരൻ്റെ കഴുത്തിൽ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്വർണവുമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് തൊട്ടടുത്തുള്ള ഒരു മോളിൽ കയറിയ ഇയാളുടെ ദൃശ്യം കർണാടക പൊലീസ് പുറത്ത് വിട്ടിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടു കൂടി ഇയാൾ പിടിയിലാവുകയായിരുന്നു.
കാസർകോട് നഗരത്തിലെ മല്ലികാർജുന ക്ഷേത്രത്തിന് സമീപത്ത് ഇയാൾ എത്തിയ വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കാസർകോടും മംഗളൂരുവിലുമുള്ള ജ്വല്ലറികളിൽ മോഷണം നടത്താനാണ് താൻ എത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. എയർഗൺ, വിഗ്, പെപ്പർ സ്പ്രേ എന്നിവയും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Share news