KOYILANDY DIARY

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്തിനു സമീപം മാലിന്യം വലിച്ചെറിയുന്നതായി പരാതി

മാലിന്യം വലിച്ചെറിയുന്നതായി പരാതി. കൊയിലാണ്ടി: ദേശീയപാതക്ക് സമീപം 33-ാം വാർഡിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള വാട്ടർ അതോറിറ്റിയുടെ മുമ്പിൽ സ്ഥലത്ത് ആളുകൾ മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാവുന്നു.

കൊയിലാണ്ടി നഗരത്തിൽ മുമ്പ് ശുദ്ധജല വിതരണം ഇവിടെ നിന്നായിരുന്നു നടത്തിയിരുന്നത്. പിന്നീട് വെള്ളത്തിൽ അമോണിയയുടെ അംശം കണ്ടെത്തിയതോടെ ഇത് അടച്ചു പൂട്ടുകയായിരുന്നു. പിന്നീട് ചില സാമൂഹ്യ ദ്രോഹികൾ രാത്രിയുടെ മറവിൽ ഇവിടെയുണ്ടായിരുന്ന കെട്ടിടം ജെ.സി.ബി.ഉപയോഗിച്ച് പൊളിച്ച ശേഷം സ്ഥലം കൈയേറാൻ ശ്രമം നടത്തിയെങ്കിലും സർവ്വകക്ഷി സംഘങ്ങൾ ഇടപെട്ട് അത് തടയുകയായിരുന്നു. പിന്നീട് വാട്ടർ അതോറിറ്റി ഈ സ്ഥലം കല്ല് കെട്ടി സംരക്ഷിക്കുകയും പിന്നീട് ഇവിടെ ഒരു ബസ് സ്റ്റോപ്പും സ്ഥാപിക്കുകയും െചയ്തു.

നഗരസഭയും, വാട്ടർ അതോറിറ്റിയും, മനസ്സ് വെച്ചാൽ മനോഹരമായ ബസ് സ്റ്റോപ്പ് ഇവിടെ സ്ഥാപിക്കാൻ സാധിക്കും. പല സംഘടനകളും ഇവിടെ ബസ് സ്റ്റോപ്പ് നിർമ്മിക്കാൻ സന്നദ്ധമായിട്ടുണ്ട്. ഒപ്പം ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് ഒഴിവാകുകയും ചെയ്യും. ധനകാര്യ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങൾ ഇതിനടുത്തായി പ്രവർത്തിക്കുന്നുണ്ട്. ഇതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന ആവശ്യം ഉയരുന്നുണ്ട്. 33-ാം വാർഡ് സഭയിലും ഇവിടെ ബസ് സ്റ്റോപ്പ് പണിയണമെന്ന ആവശ്യമുയർന്നിരുന്നു.

Advertisements