കോഴിക്കോട് സാമൂതിരി രാജവംശത്തിൻ്റെ കോട്ടയുടെ അവശിഷ്ടം കണ്ടെത്തി
കോഴിക്കോട്: സാമൂതിരി രാജവംശത്തിൻ്റേതെന്ന് കരുതുന്ന കോട്ടയുടെ അവശിഷ്ടം കണ്ടെത്തി. ബീച്ചിനു സമീപം ദാവൂദ് ഭായി കപ്പാസി റോഡിലെ പാണ്ടികശാല എന്ന റസ്റ്റോറൻ്റാക്കി മാറ്റുന്നതിന് മണ്ണ് നീക്കിയപ്പോഴാണ് കോട്ടയുടെ ഗോപുരദ്വാരത്തിൻ്റെ കീഴ്പ്പടി ഭാഗം കണ്ടെത്തിയത്. കരിങ്കൽ പാളികളിൽ നിർമിച്ച കീഴ്പ്പടിയും കട്ടിലയുടെ ഭാഗവുമാണ് ലഭിച്ചത്. റസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രജീഷ് എന്നയാൾ ഈ വിവരം പൈതൃക സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഇൻടാക് എന്ന സംഘടനയെ അറിയിച്ചു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംഘമെത്തിയാണ് ഇത് കോട്ടയുടെ വാതിൽപ്പടിയാണെന്ന് സ്ഥിരീകരിച്ചത്. പൊതുജനങ്ങൾ ഉപയോഗിക്കുന്ന കവാടമാവാനാണ് സാധ്യതയെന്നും 1.20 മീറ്റർ വീതിയുള്ള വാതിൽപ്പടി 15ാം നൂറ്റാണ്ടിലെ നിർമിതിയായിരിക്കാമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉത്തര മേഖലാ മുൻ ഡയറക്ടർ മുഹമ്മദ് പറഞ്ഞു.

ഇക്കാര്യം പുരാവസ്തു പുരാരേഖ വകുപ്പിനെ അറിയിക്കുമെന്നും സാമൂതിരിയുടെ ഓർമകൾക്ക് അനുയോജ്യമായ സ്മാരകം വേണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇൻടാക് കൺവീനർ അർച്ചന കമ്മത്ത്, കെ മോഹൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. 2017ൽ ഈ പരിസരത്ത് ഓടവൃത്തിയാക്കുമ്പോൾ ഗോപുരദ്വാരത്തിൻ്റെ മേൽപ്പടിയുടെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇത് വെസ്റ്റ്ഹില്ലിലെ കൃഷ്ണമേനോൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

