കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ വ്യാപക കൈയ്യേറ്റം: അധികൃതർക്ക് മൗനം


കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റിൽ വ്യാപക കൈയ്യേറ്റം: അധികൃതർക്ക് മൗനം സ്റ്റാൻ്റിലെ സ്ഥലം കൈയ്യേറി യാത്രക്കാരെ പൊറുതിമുട്ടിക്കുന്ന കച്ചവടക്കാർക്കെതിരെ നടപടിയെടുക്കാൻ നഗരസഭ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. യാത്രക്കാർക്ക് നിൽക്കാനും ഇരിക്കാനുമുള്ള സ്ഥലങ്ങൾ കച്ചവടക്കാർ കൈയ്യേറിയിരിക്കുകയാണ്. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിലാണ് കച്ചവടക്കാരുടെ അനധികൃത കൈയ്യേറ്റം നടക്കുന്നത്. യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കച്ചവടക്കാരുടെ നടപടിയിൽ നഗരസഭ ആരോഗ്യ വിഭാഗം മൗനംപാലിക്കുന്നതിനെതിരെ ജനങ്ങൾ കടുത്ത അമർഷത്തിലാണ്. അസൗകര്യങ്ങളാൽ വീർപ്പ് മുട്ടുന്ന കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ബസ്സ് കാത്ത് നിൽക്കുന്നവർക്കുള്ള ഇരിപ്പിടം നിർമ്മിച്ചിരുന്നു. എന്നാൽ സിമന്റിൽ ഉറപ്പിച്ചിരുന്ന ഇത്തരം ഇരിപ്പിടം ചില കച്ചവടക്കാർ ചേർന്ന് അവരുടെ സൌകര്യത്തിന് അവിടെ നിന്ന് പറിച്ച് മാറ്റിയിരിക്കുകയാണ്. അവിടങ്ങളിലാണ് ഇപ്പോൾ വലിയതോതിൽ കൈയ്യേറ്റം നടത്തിയിരിക്കുന്നത്.

പഴങ്ങളും, പലഹാരങ്ങളും, പുസ്തകങ്ങളും മറ്റ് സ്റ്റേഷനറി സാധനങ്ങൾ ഉൾപ്പെടെ ഇരുമ്പിന്റെ കൂടുണ്ടാക്കിയും പ്ലാസ്റ്റിക് ബോക്‌സുകളിലുമായി ബസ്സ് കാത്തിരിപ്പിനായി നിൽക്കുന്ന സ്ഥലങ്ങളിലേക്ക് സ്ഥാപിച്ചിരിക്കുകയാണ്. രാത്രിയായാൽ ഷട്ടറിനുള്ളിലേക്ക് ഇത്തരം സാധനങ്ങൾ മാറ്റിയിട്ടശേഷം അതി രാവിലെ എത്തി കൈയ്യേറ്റം തുടങ്ങും. നഗരസഭ സ്വകാര്യ വ്യക്തികൾക്ക് പീടിക മുറികൾ വാടകയ്ക്ക് കൊടുക്കുമ്പോൾ ഉണ്ടാക്കിയ എഗ്രിമെന്റ് പാലിക്കാൻ തയ്യാറാകാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും കച്ചവടക്കാരും നഗരസഭയും ഉണ്ടാക്കിയ ഉടമ്പടി കരാർ അതാത് കെട്ടിടങ്ങളുടെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നു.


കൈയ്യേറ്റങ്ങൾക്ക് ചില ഉദ്യോഗസ്ഥർ കൂട്ട്‌നിൽക്കുകയാണെന്നും ഇവർ സംശയത്തിന്റെ നിഴലിലാണെന്നും യാത്രക്കാർ പറയുന്നു. കൈയ്യേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചില്ലെങ്കിൽ നഗരസഭ ഓഫീസിന് മുമ്പിൽ സമരം സംഘടിപ്പിക്കുമെന്ന് യുവജന സംഘടനകളും അറിയിച്ചു.

