KOYILANDY DIARY

The Perfect News Portal

ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലൈ 31 വരെയാണ് ഇത്തവണത്തെ മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം. ഈ 52 ദിവസവും യന്ത്ര ബോട്ടുകളൊന്നും കടലില്‍ ഇറങ്ങാന്‍ പാടില്ല. അതേസമയം പരമ്പരാഗത വള്ളങ്ങളില്‍ മീന്‍പിടിക്കുന്നവര്‍ക്ക് വിലക്കില്ല. ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കാരിയര്‍ വള്ളങ്ങള്‍ക്കും നിയന്ത്രണമുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതരസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്ബ് തന്നെ തീരം വിട്ട് പോകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിക്കും ഇന്ധനവില വര്‍ധനവിനുമിടയില്‍ ട്രോളിങ് നിരോധനവും നിലവില്‍ വരുന്നതോടെ മത്സ്യതൊഴിലാളികള്‍ വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിലും ടൗട്ടെ, യാസ് ചുഴലിക്കാറ്റുകളുണ്ടാക്കിയ കടലാക്രമണത്തിലും ഈ വര്‍ഷം പലതവണയും കടലില്‍ പോകാന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സാധിച്ചിരുന്നില്ല.

Advertisements

നിലവിലെ സാഹചര്യങ്ങളെ മറികടക്കാന്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. കോവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിയെത്താത്തതിനാല്‍ പല ബോട്ടുകളും നാളുകളായി കരയിലാണ്. ട്രോളിങ് നിരോധനം കഴിയുമ്ബോഴേക്കും സര്‍ക്കാര്‍ ഇന്ധന സബ്‌സിഡി നല്‍കിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *