KOYILANDY DIARY

The Perfect News Portal

വ്യാപനം അതിവേഗം: കൊയിലാണ്ടി നഗരസഭയിൽ ഇന്ന് 36 പേർക്ക് കൂടി കോവിഡ്

കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 36 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തീരദേശ മേഖലയിലാണ് കോവിഡ് വ്യാപനമാകുന്നതെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. നഗരസഭയിലെ 21, 30, 34, 35, 36, 39 വാർഡുകളിലാണ് ഗുരുതരമായ രീതിയിൽ കോവിഡ് പോസിറ്റീവ് വർദ്ധിക്കുന്നത്. ഇന്ന് താലൂക്കാശുപത്രിയിലും, തിരുവങ്ങൂരിലും നടത്തിയ ആൻ്റിജൻ പരിശോധനയിൽ 21 പേർക്കും, താലൂക്കാശുപത്രിയിൽ വെള്ളിയാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയിൽ ഇന്ന് 15 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

വാർഡ് 21 തെറ്റീക്കുന്നിൽ ഒരാൾക്കാണ് കോവിഡ്. വാർഡ് 30 കോമത്ത്കര കിഴക്ക് ഭാഗം 13 പേർക്കും, വാർഡ് 34 ചെറിയമങ്ങാട് 6 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 35 വലിയമങ്ങാട് – 8, വാർഡ് 36 വിരുന്നുകണ്ടി 7, വാർഡ് 39 മുബാറഖ് റോഡ് – 1 എന്നിങ്ങനെയാണ് ഇന്നത്തെ കോവിഡ് കണക്ക്. ഇതോടെ കൊയിലാണ്ടി നഗരസഭയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

മത്സ്യ മേഖലയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കൊയിലാണ്ടിയിൽ രോഗവ്യാപനത്തിന് കാരണമാകുന്നത്. വീടുകൾ തോറും മത്സ്യം വിൽക്കുന്നവർ രോഗ വാഹകരാകുന്നുവെന്നാണ് വലിയ വിമർശനം. കൊയിലാണ്ടി ഹാർബർ അടച്ചിട്ടിട്ടും രോഗ വ്യാപനം തടഞ്ഞു നിർത്താൻ സാധിക്കാത്തത് ചർച്ചയാണ്. അന്യ സംസ്ഥാനങ്ങളിലെയും മറ്റ് ഹാർബറുകളിൽ നിന്നും വലിയ ലോറികളിൽ മത്സ്യം കൊണ്ട് വന്ന് ഗുഡ്സ് ഓട്ടോകളിലും ബൈക്കുകളിലും, കൽനടയായി വിൽക്കുന്നതും വലിയ ഭീഷണിയായിരിക്കുകയാണ്.

Advertisements

ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും നിലവിലെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.

ഇന്നത്തെ കോവിഡ് പോസിറ്റീവ് കേസുകളിൽ ഉറവിടം വ്യക്തമല്ലാത്ത നിരവധി പേർ ഉണ്ടെന്നാണ് അറിയുന്നത്. സമ്പർക്കപ്പട്ടിക തയ്യാറാക്കൽ ഇതോടെ വൻ ഭീഷണിയായിരിക്കുകയാണ്. ആരോഗ്യവിഭാഗവും പോലീസും നിതാന്ത ജാഗ്രതയിലാണ്. ഇന്ന് താലൂക്കാശുപത്രിയിൽ 200 ഓളം ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിട്ടുണ്ട്. ഇതിൻ്റെ റിസൽട്ട് രണ്ട് ദിവസത്തിനുള്ളിൽ എത്തുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *