KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നിയമ വിരുദ്ധമായി ഐസ്, മത്സ്യ കച്ചവടം തകൃതി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നുണ്ടായ വാഹാനാപകടങ്ങളിൽ രണ്ട് പേർ മരിക്കാനിടയായത് അനധികൃത മത്സ്യ കച്ചവടമാണെന്ന് നാട്ടുകാർ. കാസർകോട് സ്വദേശി ഫാസിൽ (27), കാരയാട് സ്വദേശി മൊയ്തി- (61) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരുക്ക് പറ്റുകയും ചെയ്തു. ഹാർബർ അടച്ചതിനെ തുടർന്ന് ദേശീയ പാതയോരത്ത് വെച്ചാണ് മത്സ്യ കച്ചവടം നടക്കുന്നത്. ഹാർബറിനോട് ചേർന്നുള്ള പഴയ ഫിഷ് ലാൻറിംഗ് സെൻ്ററിൽ മറ്റിടങ്ങളിൽ നിന്നുള്ള മത്സ്യം ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ കോവിഡ് കാലത്ത് മത്സ്യ ഇറക്കുമതി നിർത്തിവെച്ചു.

എന്നാൽ അന്നു മുതൽ നിയമ വിരുധമായി മത്സ്യം ഇറക്കുമതി ചെയ്ത് കച്ചവടക്കാർ അനധികൃതമായി ഇവിടെ കച്ചവടം നടത്തുന്നുണ്ട്. തുടർന്ന് അതിരാവിലെ 3 മണി മുതൽ നൂറു കണക്കിന് ചെറുകിട കച്ചവടക്കാർ ജില്ലയിലെ പല ഭാഗത്തു നിന്നും ഇവിടെ എത്തുന്നു. ചിലർ ഈ കാര്യം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ഹാർബറിനോട് ചേർന്ന് റോഡിലുള്ള കച്ചവടവും പോലീസ് തടഞ്ഞു. പിന്നീട് ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 250 ബോക്സ് മത്സ്യം മാത്രം ഇറക്കാൻ കച്ചവടക്കാർക്ക് ലാൻ്റിംഗ് സെൻ്ററിൽ താൽക്കാലികമായി അനുമതി നൽകി.

എന്നാൽ കുറച്ചു ദിവസങ്ങൾക്കകം ഹാർബർ മാനേജ്മെൻ്റ്  സൊസൈറ്റിക്കോ കച്ചവട അസോസിയേഷനോ ഡിപ്പാർട്ടുമെൻറിനോ നിയന്ത്രിക്കാൻ കഴിഴാത്ത അവസ്ഥയായി ഇത് മാറി. കച്ചവടക്കാർ ലാഭം മാത്രം കണക്കാക്കി തോന്നിയപോലെ നൂറു കണക്കിന് ബോക്സ് മത്സ്യം ഇറക്കുമതി ചെയ്തതിനെ തുടർന്ന് ലാൻ്റിംഗ് സെൻ്ററിലെ ഐസ്, മത്സ്യ ഇറക്കുമതി വീണ്ടും നിരോധിച്ചു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഇപ്പോൾ ഇരുട്ടിൻ്റെ മറവിൽ നൂറുകണക്കിന് ബോക്സ് മത്സ്യം ഇവിടെ ഇറക്കുമതി നടത്തുന്നു.

Advertisements

കോവിഡ് കാലത്ത് മറ്റു പല മേഖലയിലും തൊഴിൽ നഷ്ടപ്പെട്ടവർ മത്സ്യ വില്പനക്ക് വന്നതും തിരക്ക് വർധിപ്പിച്ചു. പഴയ ആർ.ടി.ഒ. ഓഫിസിനു മുമ്പിൽ എൻ.എച്ച് -ൽ മത്സ്യം വലിയ ലോറിയിൽ നിന്ന് ഇറക്കി മറ്റ് വാഹനങ്ങളിലേക്ക് കയറ്റുകയാണ്. ഇവിടെ നൂറുകണക്കിന് പേരാണെത്തുന്നത്. ഈ തിരക്കിനിടയിലാണ് കൊയിലാണ്ടിയിൽ ഇന്ന് രണ്ട് വാഹനാപകടം ഉണ്ടാകാൻ കാരണം. രണ്ട് പേർ മരിക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പല ഭാഗത്ത് നിന്നും ആവശ്യം ഉയരുകയാണ്. നേരത്തെ ഈ വിവരം പോലീസടക്കമുള്ളവരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നഗരസഭാ കൗൺസിലർ ഷീബാ സതീശൻ പറഞ്ഞു. നഗസഭ ആരോഗ്യവിഭാഗവും അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *