KOYILANDY DIARY

The Perfect News Portal

850 കോടിയുടെ പൊതുമരാമത്ത് വർക്കുകൾ ഉടൻ ആരംഭിക്കും: മന്ത്രി ജി. സുധാകരൻ

തിരുവനന്തപുരം: കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളിലെ 850 കോടിക്കു മുകളില്‍ ചെലവു വരുന്ന 19 പ്രവൃത്തികള്‍ ഈ മാസം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിയ പ്രവൃത്തികള്‍ കൃത്യമായ അവലോകനത്തിലൂടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും, തടസ്സങ്ങളുണ്ടായിരുന്ന പ്രവൃത്തികള്‍ക്ക് പരിഹാരമുണ്ടാക്കു ന്നതിനും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടത്തിയ ശ്രമങ്ങളുടെ ഭാഗമായി സാധിച്ചു. പുതിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കി പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കാനായിട്ടുണ്ട്.

ഈ സര്‍ക്കാര്‍ ഭരണ പ്രതിപക്ഷ വിവേചനമില്ലാതെ കേരളത്തിലെ 140 മണ്ഡലങ്ങള്‍ക്കും ഒരേ പരിഗണനയാണ് നല്‍കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ പുതിയകാലം പുതിയ നിര്‍മ്മാണമെന്ന മുദ്രാവാചകം സാക്ഷാത്കരിക്കുന്നതിനുള്ള തീവ്ര ശ്രമത്തിന്റെ ഫലമായിട്ടാണ് പദ്ധതികള്‍ വളരെ വേഗത്തില്‍ നടപ്പാക്കി ഉപയോഗത്തിനായി തുറന്നു കൊടുക്കുന്നത്.

Advertisements

കോഴിക്കോട് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന നടപ്പിലാക്കിയ 200 കോടിയുടെ നഗര റോഡ് വികസന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വരുന്ന 14 ന് ഉദ്ഘാടനം ചെയ്യും. 15 വര്‍ഷത്തെ സംരക്ഷണ ചുമതലയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ് ഈ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ഈ പ്രോജക്‌ട് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ഈ സര്‍ക്കാര്‍ നടത്തിയ അടിയന്തിര ഇടപെടലുകള്‍ സഹായകമായിട്ടുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പിലെ രൂപകല്പന വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുതായി രൂപീകരിച്ച പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് മേഖലാ ഡിസൈന്‍ കാര്യാലയത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും.കൂടാതെ കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടേയും ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും.

കൊയിലാണ്ടി മണ്ഡലത്തിലെ വെങ്ങളം കാപ്പാട് റോഡ് നവീകരണം, ചെങ്ങോട്ടുകാവ് ഉള്ളൂര്‍കടവ് റോഡ്, വടകര മണ്ഡലത്തിലെ ഒന്തം റെയില്‍മേല്‍പ്പാലം മുതല്‍ സാന്റ്ബാഗ് വരെയുള്ള റോഡ്, നാദാപുരം മണ്ഡലത്തിലെ പാറക്കടവ് കുറുവന്തേരി റോഡ്, വളയം ചുഴലി റോഡ് എന്നീ പ്രവൃത്തികളുടെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.

ദേശീയപാത 85 ലെ ഇടുക്കി ജില്ലയിലെ 26 കിലോമീറ്റര്‍ നീളം വരുന്നതും 381 കോടി രൂപ അടങ്കല്‍ വരുന്നതുമായ ബോഡിമെട്ട് മൂന്നാര്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം 17 ന് മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വ്വഹിക്കും. നവംബര്‍ 18 ന് തൃശൂര്‍ ജില്ലയില്‍ 42 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചീഫ് ജസ്റ്റിസ് നിര്‍വ്വഹിക്കും.

നവംബര്‍ 23 നു കൊല്ലം ജില്ലയിലെ ചവറയിലെ ഒഎന്‍വി കുറുപ്പ് റോഡ്, 114 കോടി അടങ്കല്‍ വരുന്ന കൊല്ലം ആശ്രമം ലിങ്ക് റോഡ് എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. നവംബര്‍ 24 ന് കാസര്‍ഗോഡ് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്ബനി (റിക്ക്) മുഖേന 84 കോടി ചിലവില്‍ പൂര്‍ത്തീകരിച്ച്‌ 25 കിലോമീറ്റര്‍ നീളമുള്ള വിദ്യാനഗര്‍ സീതാംഗോളി റോഡ്, ഉപ്പള കനിയന റോഡ് എന്നിവ മന്ത്രി ജി.സുധാകരന്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കും. കൂടാതെ ദേലംപാടിയിലെ പള്ളത്തൂര്‍ പാലം, ആദൂര്‍ പാണ്ടി റോഡ്, മഞ്ചേശ്വരം സബ്രജിസ്ട്രാര്‍ ഓഫീസ്, ഉദുമയിലെ മുല്ലച്ചേരി പാലം, കോട്ടിക്കുളം തച്ചങ്ങാട് റോഡ്, കഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയുടെ നവീകരണം എന്നീ പ്രവൃത്തികളുടേയും നിര്‍മ്മാണോദ്ഘാടനം അന്നു തന്നെ മന്ത്രി നിര്‍വ്വഹിക്കും.

നവംബര്‍ 25 ന് കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയിലെ പഴവങ്ങാടി മാട്ടൂര്‍ റോഡ്, പേരാവൂരിലെ കച്ചേരിക്കടവ്, ചുങ്കക്കുന്ന് പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. മലപ്പുറം ജില്ലയിലെ നാടുകാണി പരപ്പനങ്ങാടി റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങല്‍, പാലത്തിങ്കല്‍ പാലം, കൊണ്ടോട്ടിയിലെ അഞ്ച് റോഡ് പ്രവൃത്തികള്‍, താനൂരിലെ ബദര്‍പള്ളി തൂക്കുപാലം, മൂച്ചിക്കല്‍ മഞ്ഞളാംപടി റോഡ്, മലപ്പുറം കോട്ടപ്പടി ബൈപ്പാസ് റോഡ് എന്നീ പ്രവൃത്തികളുടെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *