ബെംഗളൂരുവിൽ 5 ഭീകരർ പിടിയിൽ: സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേർ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടിയിൽ. ഇവരിൽ നിന്ന് തോക്കുകളുടെയും സ്‌ഫോടക വസ്തുക്കളുടെയും വൻശേഖരം പിടിച്ചെടുത്തു. സംഘം ബെംഗളൂരുവിൽ വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി സിസിബി.

സെൻട്രൽ ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ബെംഗളൂരു സുൽത്താൻ പാളയിലെ കനക നഗറിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സയ്യിദ് സുഹേൽ, ഉമർ, ജാനിദ്, മുദാസിർ, സാഹിദ് എന്നിവരാണ് പിടിയിലായവർ. ബെംഗളൂരുവിൽ സ്‌ഫോടനം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്.


അഞ്ചുപേരും 2017 ലെ ഒരു കൊലപാതകക്കേസിൽ പ്രതികളാണ്. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയവേ ഭീകരരുമായി സമ്പർക്കം പുലർത്തിയിരുന്നതായും സിസിബി പറയുന്നു. ഇവരിൽ നിന്ന് 4 വാക്കി-ടോക്കികൾ, 7 നാടൻ പിസ്റ്റളുകൾ, 42 ലൈവ് ബുള്ളറ്റുകൾ, 2 കഠാരകൾ, 2 സാറ്റലൈറ്റ് ഫോണുകൾ, 4 ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തു.

