KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് 500 ഏക്കറിൽ 30 സ്വകാര്യ വ്യവസായ പാർക്കുകൾ വികസിപ്പിക്കും; മന്ത്രി പി രാജീവ്

തിരുവനന്തപുരം: ഈ വർഷം സംസ്ഥാനത്ത് 500 ഏക്കറിൽ 30 സ്വകാര്യ വ്യവസായ പാർക്കുകൾ വികസിപ്പിക്കുമെന്ന് മന്ത്രി പി രാജീവ്. നിലവിൽ 11 പാർക്കുകൾക്ക് അനുമതി നൽകിയെന്നും മൂന്നെണ്ണത്തിന് ഉടൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു. ട്രിവാൻഡ്രം മാനേജ്മെൻറ് അസോസിയേഷൻറെ (ടിഎംഎ) 2023ലെ മാനേജ്മെൻറ് ലീഡർഷിപ് അവാർഡ് കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥിന് സമ്മാനിക്കുകയായിരുന്നു മന്ത്രി.
 
സർക്കാർ മേഖലയ്ക്കുപുറമേ സ്വകാര്യ പാർക്കുകൾ കൂടി വികസിപ്പിച്ച് സംരംഭകരെ ആകർഷിക്കാനും തൊഴിലവസരം സൃഷ്ടിക്കാനുമാണ് സർക്കാർ ലക്ഷ്യം. സ്വകാര്യ പാർക്കുകൾക്കൊപ്പം ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളെയും പ്രോത്സാഹിപ്പിക്കും. മൂന്ന് സർവകലാശാലകളും 30 എൻജിനിയറിങ് കോളേജുകളും ക്യാമ്പസ് പാർക്കുകൾ സ്ഥാപിക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടിഎംഎ പ്രസിഡണ്ട് സി പദ്മകുമാർ, മുൻ പ്രസിഡണ്ട് ഡോ. എം അയ്യപ്പൻ, സെക്രട്ടറി വിങ് കമാൻഡർ രാഗശ്രീ ഡി നായർ, സീനിയർ വൈസ് പ്രസിഡണ്ട് ഡോ. സി ജയശങ്കർ പ്രസാദ് എന്നിവർ സംസാരിച്ചു.

 

Share news