243 കേസുകളില്‍ പ്രതി: കെ സുരേന്ദ്രന്റെ നാമനിര്‍ദ്ദേശപത്രിക തള്ളിയേക്കും

പത്തനംതിട്ട: 243 കേസുകളില്‍ പ്രതിയായ ബിജെപിയുടെ പത്തനംതിട്ട പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് ഈ വിവരം മറച്ചുവെച്ച്. ഇതോടെ നാമനിര്‍ദ്ദേശപത്രിക തള്ളിയേക്കും .
243 കേസുകള്‍ ഉളള സുരേന്ദ്രന്‍ 20 കേസുകളില്‍ മാത്രമാണ് താന്‍ പ്രതിയെന്നാണ് കാണിച്ചിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, പൊതുമുതല്‍ നശീകരണം, വധശ്രമം തുടങ്ങിയ കേസുകളാണ് സുരേന്ദ്രനെതിരെയുള്ളത്. കെ സുരേന്ദ്രനെതിരെ 243 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയപ്പോഴാണ് സുരേന്ദ്രന്‍ മറച്ചുവെച്ച കേസുകളുടെ കാര്യം പുറത്ത് വരുന്നത്.

സുരേന്ദ്രന് വേണ്ടി തൃശൂര്‍ സ്വദേശി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇത്രയധികം കേസില്‍ പ്രതിയാണെന്ന് അറിയുന്നത്. മാര്‍ച്ച് 29-നു സര്‍ക്കാര്‍ പ്ലീഡര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സുരേന്ദ്രനടക്കം നേതാക്കള്‍ക്കെതിരേ കേസുകളുണ്ടെന്ന് കോടതിയില്‍ അറിയിച്ചത്.

ഈ വിവരങ്ങള്‍ സുരേന്ദ്രന്‍ അറിഞ്ഞിട്ടും പിറ്റേദിവസം നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ കേസുകളുടെ എണ്ണം രേഖപ്പെടുത്തിയില്ല. ശബരിമല സമരവുമായി ബന്ധപ്പെട്ടാണ് ഇതില്‍ കേസുകള്‍ ഏറെയും.

അതേസമയം പുതിയ കേസുകളുടെ വിവരവും ഉള്‍പ്പെടുത്തി സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നാണു സൂചന. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി നാളെയാണ് .
