കാഞ്ഞാർ ഉരുൾപൊട്ടൽ: അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു

തൊടുപുഴ: തൊടുപുഴ മൂലമറ്റം കാഞ്ഞാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ട ഒരു കുടുംബത്തിലെ അഞ്ചുപേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമൻ, ഭാര്യ ജയ, സോമന്റെ അമ്മ തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ നാലുവയസുള്ള ദേവാനന്ദു എന്നിവരാണ് മരിച്ചത്.

തങ്കമ്മയുടെ മൃതദേഹമണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് ദേവനന്ദുവിന്റെയും ഷിമയുടേയും മൃതദേഹം കണ്ടെത്തി. പിന്നീടാണ് സോമന്റെയും ഭാര്യ ജയയുടേയും മൃതദേഹങ്ങൾ കണ്ടെടുത്തത്. വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.


ഇന്ന് പുലര്‍ച്ചെ സംഗമം കവലയ്ക്ക് സമീപം പുലർച്ചെ മൂന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുൾപൊട്ടലിലും മലവെള്ള പാച്ചലിലും വീടിരുന്ന പ്രദേശം ആകെ ഒലിച്ചുപോയി. രാത്രി ആരംഭിച്ച ശക്തമായ മഴ രാവിലെ അൽപം ശമിച്ചിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. റവന്യൂവകുപ്പും സ്ഥലത്തുണ്ട്. തെരച്ചിലിനായി തൃശൂരില്‍ എൻഡിആർഎഫ് സംഘം സംഭവ സ്ഥലത്തേക്കെത്തിയിരുന്നു.


