എ കെ ജി സെന്ററിന് നേരെ ബോംബേറ്: ഇന്ന് പ്രതിഷേധം
സിപിഐ(എം) സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ നടന്ന ബോംബേറിനെതിരെ വ്യാപക പ്രതിഷേധം. ഇന്ന് വൈകീട്ട് പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ സിപിഐഎം ആഹ്വാനം ചെയ്തു. വ്യാഴം രാത്രി 11.45നായിരുന്നുഓഫീസ് ബോംബ് വെച്ച് തകർക്കാൻ ശ്രമിച്ചത്. ഹാളിലേക്കുള്ള ഗേറ്റിന്റെ വലതുഭാഗത്ത് തട്ടി ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉൾപ്പെടെയുള്ളവർ സെന്ററിനകത്തുള്ളപ്പോഴായിരുന്നു ആക്രമണം. ബോംബ് ഗേറ്റിൽ തട്ടിയതുകൊണ്ടാണ് അക്രമിയുടെ ലക്ഷ്യം പാളിയത്. ഉന്നത് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


സ്‌കൂട്ടറിലെത്തിയ യുവാവാണ് ബോംബ് എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ആദ്യം ഒരു പ്രാവശ്യം രംഗ നിരീക്ഷണം നടത്തി തിരിച്ചുപോയി വീണ്ടും വന്ന് സെന്ററിനകത്തേക്ക് ബോംബ് എറിയുന്ന ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞത്. ഇത് പൊലീസ് പരിശോധിക്കുകയാണ്. പൊലീസ് നിൽക്കുന്ന ഗേറ്റ് ഒഴിവാക്കി മറുഭാഗത്താണ് അക്രമം നടന്നത്.


വൻ ശബ്ദം കേട്ട് നേതാക്കളും ജീവനക്കാരും സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരും ഓടിയെത്തി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ എന്നിവർ സംഭവം അറിഞ്ഞ് സെന്ററിലെത്തി.


