ഒഴിവ് ദിവസങ്ങളിൽ നടത്തിയ അനധികൃത നിർമ്മാണം പൊളിച്ച് നീക്കാൻ നഗരസഭ നോട്ടീസയച്ചു
കൊയിലാണ്ടി: പട്ടണത്തിൽ സ്റ്റേറ്റ് ബാങ്കിന് സമീപം ആരംഭിച്ച അനധികൃത നിർമ്മാണം പൊളിച്ചു മാറ്റാൻ നഗരസഭ ഉത്തരവിട്ടു. കൊയിലാണ്ടി ബീച്ച് റോഡിൽ റൂബി-യിൽ ആരിഫ് തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കാലപ്പഴക്കംകൊണ്ട് തകർന്ന് വീണ കെട്ടിടം നഗരസഭ എഞ്ചിയനീയറിംഗ് വിഭാഗത്തിൻ്റെ യാതൊരുവിധ അനുമതിയും ഇല്ലാതെ പുതുക്കി പണിയാൻ ശ്രമം ആരംഭിച്ചത്. ഇത് സംബന്ധിച്ച് കൊയിലാണ്ടി ഡയറി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒഴിവ് ദിവസങ്ങൾ മാത്രം തെരഞ്ഞെടുത്താണ് ഇവിടെ ഇത്തരം അനധികൃത കൺസ്ട്രക്ഷൻ നടത്തിയിട്ടുള്ളത്. രണ്ട് ഹാളുകളുടെ പ്രവൃത്തിയാണ് ആരംഭിച്ചത്.

10 പില്ലറുകൾ ബെൽറ്റ് വാർത്ത് കോൺഗ്രീറ്റിംഗ് പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പകൽ സമയത്താണ് ഗ്രീൻ നെറ്റ് കൊണ്ട് മറച്ച് കോൺഗ്രീറ്റിംഗ് നടത്തിയത്. എട്ടോളം തൊഴിലാളികൾ അതി രാവിലെ എത്തി 11 മണിയാകുമ്പോഴേക്കും കോൺഗ്രീറ്റ് പൂർത്തിയാക്കിയിരുന്നു. കൊയിലാണ്ടി കെ.ഡി.സി. ബാങ്കിന് എതിർവശമുള്ള പഴയ പാർസൽ ഓഫീസ് സ്ഥിതിചെയ്ത കെട്ടിടമാണിത്. ഇത് കാലപ്പഴക്കം കൊണ്ട് തകർന്ന് വീഴുകയായിരുന്നു. നഗരസഭയിലെ ചില ഉദ്യോഹസ്ഥരുടെ മൗനാനുവാദം ഉടമകൾക്ക് കിട്ടിയിട്ടുണ്ട് എന്നാണ് കൊയിലാണ്ടി ഡയറിക്ക് അറിയാൻ കഴിഞ്ഞത്.


നഗരസഭയിലെ അനധികൃത കൺസ്ട്രക്ഷനുമായി ബന്ധപ്പെട്ട കൊയിലാണ്ടി ഡയറി നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതെ തുടർന്ന് നഗരസഭ ഉടമകൾക്ക് നിർമ്മാണം നിർത്തിവെക്കാനും കെട്ടിടം പൊളിച്ച് മാറ്റാൻ നോട്ടീസ് കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ പട്ടണത്തിലെ അനധികൃത നിർമ്മാണം, നഞ്ച വിഭാഗത്തിലുള്ള ഭൂമി തരം മാറ്റിക്കൊടുക്കാൽ, റോഡ് ആക്സസ് ഇല്ലാത്ത ബഹുനില കെട്ടിടത്തിന് പെർമിഷൻ കൊടുക്കൽ എന്നിവക്ക് ഒത്താശ ചെയ്യുന്ന നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെയും ചില ഇടനിലക്കാരുടെയും പച്ചയായ അഴിമതിക്ക് വ്യക്തമായ രേഖകൾ കൊയിലാണ്ടി ഡയറിക്ക് ലഭിച്ചിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ പുറത്ത് വിടാനൊരുങ്ങുകയാണ്.


