KOYILANDY DIARY

The Perfect News Portal

ബയോഫ്ളോക്ക് മത്സ്യക്കൃഷിക്ക്‌ സ്വീകാര്യതയേറുന്നു

കൊയിലാണ്ടി: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യ സമ്പദ് യോജനയുടെ ഘടക പദ്ധതിയായ ബയോഫ്ളോക്ക് മത്സ്യക്കൃഷിക്ക്‌ സ്വീകാര്യതയേറുന്നു. കുറഞ്ഞ സ്ഥലത്ത് മത്സ്യക്കൃഷി നടത്താമെന്നതും ഉയർന്ന ഉത്‌പാദനവുമാണ് ബയോഫ്ളോക്ക് മത്സ്യക്കൃഷിയിലേക്ക് കർഷകരെ ആകർഷിക്കുന്നത്. ആറുമാസം കൊണ്ട് വിളവെടുക്കാമെന്നതിനാൽ വർഷത്തിൽ രണ്ടു തവണ മത്സ്യക്കൃഷി നടത്താം. ഏറ്റവും ചെലവു കുറഞ്ഞതും, നൂതനവും പരിസ്ഥിതിക്ക്‌ അനുയോജ്യവുമാണ് ബയോ ഫ്ളോക്ക് മത്സ്യക്കൃഷി.

പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ 9.22 കോടിരൂപയും സംസ്ഥാനസർക്കാർ ആറുകോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാനത്ത് 500 ബയോഫ്ളോക്ക് യൂണിറ്റുകളാണ് നിലവിലുളളത്. ഒരു യൂണിറ്റിന് 7.5 ലക്ഷം രൂപ ചെലവുവരും. ടാങ്ക്, എയറേറ്റർ, ജനറേറ്റർ, സി.സി.ടി.വി. എന്നീ ഭൗതികസൗകര്യങ്ങൾ ഏർപ്പെടുത്താൻ 4.8 ലക്ഷം രൂപ ചെലവുവരും. 2.7 ലക്ഷം മത്സ്യ കുഞ്ഞുങ്ങൾക്കും തീറ്റയ്ക്കും ചെലവുണ്ട്. മൊത്തംചെലവിന്റെ 40 ശതമാനം സബ്സിഡിയായി കർഷകർക്ക് തിരികെ ലഭിക്കും. ജില്ലയിൽ 16 ബയോഫ്ളോക്ക് മത്സ്യക്ക്യഷി വളർത്തുന്ന യൂണിറ്റുകളുണ്ട്. പല യൂണിറ്റുകളിലും എഴുടാങ്കുകൾ വരെയുണ്ട്.

ബയോഫ്ളോക്ക് തയ്യാറാക്കൽ

Advertisements

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനുമുമ്പ് ടാങ്കിൽ ബയോഫ്ളോക്ക് രൂപപ്പെടുത്തണം. 20,000 ലിറ്റർ സംഭരണശേഷിയുളള ടാങ്കിന് 200 ലിറ്റർ ഇനോക്കുലം (മൈക്രോ ഓർഗാനിസം) തയ്യാറാക്കണം. ഇതിനായി 200 ലിറ്റർ വെള്ളം നിറച്ച ബാരലിൽ മത്സ്യക്കൃഷി നടത്തിവരുന്ന ജലാശയങ്ങളിൽനിന്ന് ശേഖരിച്ച ഉണങ്ങിയ നാലുകിലോഗ്രാം മണ്ണ്, രണ്ടുഗ്രാം അമോണിയ സൾഫേറ്റ്, 40 ഗ്രാം പുളിപ്പിച്ച ശർക്കര എന്നിവ ചേർത്ത് 24-മുതൽ 36 മണിക്കൂർവരെ സമയം ശക്തമായ എയ്‌റേഷൻ നൽകിയശേഷം ടാങ്കിലേക്ക് ഒഴിക്കണം. ഇത് ബയോഫ്ളോക്ക് രൂപപ്പെടുന്നതിന് കാരണമാവുന്ന ജീവികളുടെ വളർച്ചയ്ക്ക് ഇടയാക്കും. തുടർന്നുള്ള ദിവസങ്ങളിലും നിശ്ചിത അനുപാതത്തിൽ.

പുളിപ്പിച്ച ശർക്കര ഒഴിക്കണം. 10-14 ദിവസത്തിനുള്ളിൽ ടാങ്കിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ഒരു ടാങ്കിൽ 1250 വീതം കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. തിലാപ്പിയ മത്സ്യങ്ങളാണ് ഇത്തരം ബയോഫ്ളോക്ക് ടാങ്കുകളിൽ വളർത്താൻ ഏറെ അനുയോജ്യം. കൃത്യമായ ഇടവേളകളിൽ ടാങ്കിലെ ജലത്തിന്റെ ഗുണനിലവാര പരിശോധന നടത്തണം.

തീറ്റയും വിളവെടുപ്പും.

ദിവസവും ഫ്ളോട്ടിങ് പെല്ലറ്റ് തീറ്റ മൂന്നുനാലു പ്രാവശ്യമായി നൽകണം. ഈ കൃഷിരീതിയിൽ മത്സ്യം ബയോഫ്ളോക്ക് ഭക്ഷിക്കുന്നതിനാൽ മത്സ്യത്തീറ്റയുടെ അളവ് 30 ശതമാനം വരെ കുറയ്ക്കാം. ആറുമാസംകൊണ്ട് മത്സ്യം 500 ഗ്രാം വരെ തൂക്കംവയ്ക്കും. മത്സ്യത്തിന് 350 ഗ്രാം വളർച്ച ആവുമ്പോൾ വിളവെടുപ്പ് നടത്താം. ഒരു ടാങ്കിൽനിന്ന് 500 കിലോഗ്രാം മത്സ്യം ലഭിക്കുമെന്നാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *