KOYILANDY DIARY

The Perfect News Portal

കേരള സർക്കാർ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയിൽ പട്ടയമേള നടത്തി

കൊയിലാണ്ടി: സർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി വിവിധ ജില്ലകളിൽ നടക്കുന്ന പട്ടയ വിതരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക് തലത്തിൽ പട്ടയ വിതരണം നടത്തി. ജനപക്ഷത്തുനിന്നുള്ള പ്രവർത്തനങ്ങളിലൂടെയും സുതാര്യവും ജനോപകാരപ്രദവുമായ ഭരണ നിർവ്വഹണത്തിലൂടെയും കേരളത്തിന്റെ സർവ്വതല സ്പർശിയായ പുരോഗതിക്ക് കുതിപ്പേകുന്ന വിധത്തിൽ നൂറു ദിന കർമ്മ പരിപാടി ആവിഷ്ക്കരിച്ചു കൊണ്ടും ജനക്ഷേമപരമായ വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ചുകൊണ്ടും മുന്നേറുകയാണ് കേരള സർക്കാർ. എല്ലാവർക്കും ഭൂമി, ഭൂമിയുള്ള എല്ലാവർക്കും ഭൂ രേഖ, മറ്റ് എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യം ഉയർത്തി ജനക്ഷേമ പദ്ധതികളുമായി റവന്യൂ വകുപ്പ് പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുകയാണ്.

സംസ്ഥാനത്ത് ഒട്ടാകെ 13500 ഓളം പട്ടയങ്ങൾ വിതരണം ചെയ്യുന്ന മേളയിൽ കോഴിക്കോട് ജില്ലയിൽ 1739 പട്ടയങ്ങൾ ആണ് വിതരണം ചെയ്യുന്നത്. ഏതാണ്ട് 550 ഓളം പട്ടയങ്ങൾ  കൊയിലാണ്ടിതാലൂക്ക് വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യുന്നുണ്ട്. ഔപചാരിക ഉദ്ഘാടനത്തിനായി അംഗീകരിച്ച മുപ്പതോളം പട്ടയങ്ങൾ ആണ് ഇന്ന് താലൂക്ക് ഓഫീസിൽ വെച്ച് വിതരണം ചെയ്തത്. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട്  എം.എൽ.എമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി എംഎൽഎ ടി. പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എംഎൽഎ  ജമീല കാനത്തിൽ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി താലൂക്കിലെ ചുമതലയുള്ള കോഴിക്കോട് ജില്ല ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ ഹിമ,  കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗോപാലൻ നായർ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനിതാ വി.കെ, കൊയിലാണ്ടി നഗരസഭാ കൗൺസിലർ സിന്ധു സുരേഷ്, തഹസിൽദാർ സി പി മണി തുടങ്ങിയവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *