KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിനായി 3 കോടി ചിലവിൽ പുതുതായി നർമ്മിച്ച ഹൈടെക് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ  പുതുതായി നിർമ്മിച്ച സൗകര്യപ്രദമായ ഹൈടെക് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കിഫ്ബിയിൽ നിന്ന് അനുവദിച്ച മൂന്നു കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് മനോഹരമായ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള 11 ഡിജിറ്റൽ ക്ലാസ് മുറികൾ, വിശാലമായ സ്റ്റാഫ് റൂം, ഓഡിറ്റോറിയം, മെസ് ഹാൾ, അടുക്കള, ശൗചാലയങ്ങൾ എന്നിവ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. യുഎൽസിസിയുടെ നേതൃത്വത്തിൽ വാപ്കോസ്  മേൽനോട്ടം വഹിച്ചാണ് പ്രവൃത്തി നടത്തിയത്.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒരു കോടി രൂപ ചെലവിൽ ഒരു കെട്ടിടം പ്രവൃത്തി കൂടി പൂർത്തിയായിവരുന്നു. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളോടെ പന്തലായനി എലിമെന്ററി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ എന്നും പന്തലായനി എൽ പി സ്കൂൾ എന്നും അറിയപ്പെട്ട ഈ വിദ്യാലയം 1961വരെ ഒറ്റകെട്ടിടത്തിലാണ് പ്രവർത്തിച്ചുവന്നത്. 1961ൽ  ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ നിലവിൽ വരികയായിരുന്നു. 1997 പ്ലസ് വൺ ബാച്ച് കൂടി അനുവദിക്കപ്പെട്ടതോടെ കൊയിലാണ്ടി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളായി മാറി. ഹൈടെക് ക്ലാസ് മുറികൾ, വിശിഷ്ട ഗ്രന്ഥശേഖരമുള്ള ഹൈടെക് ലൈബ്രറി, ആധുനികരീതിയിൽ സജ്ജീകരിക്കപ്പെട്ട ഐടി ലാബുകൾ, വിശാലമായ ശാസ്ത്ര ലാബുകൾ, കൗൺസിലിംഗ് സെന്റർ ഉൾപ്പെടെ ഭൗതികസൗകര്യങ്ങൾ കൊണ്ട് ഏറെ സമ്പന്നമാണ് ഈ വിദ്യാലയം.

ഒളിമ്പിക്സ് ഗെയിംസിൽ പങ്കെടുത്ത ടിന്റു ലൂക്ക ദേശീയ കായികതാരങ്ങളായി മാറിയ നീന വരകിൽ, രാജശ്രീ തുടങ്ങിയവർ ഗേൾസ് സ്കൂളിന്റെ കായിക മികവുകളാണ്. ഏതാനും വർഷങ്ങളിലായി എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ പൊതു വിദ്യാലയമാണ് ഇത്. ഈ വർഷം സമ്പൂർണ്ണ എ പ്ലസ് നിലവാരത്തിൽ സംസ്ഥാനതലത്തിൽ ഗവൺമെന്റ് വിദ്യാലയങ്ങളിൽ ഏഴാം സ്ഥാനത്താണ് ഈ സ്കൂൾ. ഹയർ സെക്കൻഡറി വിഭാഗത്തിലും കഴിഞ്ഞ കുറേവർഷങ്ങളായി ജില്ലയിലെ മികച്ച വിജയം നേടുന്ന വിദ്യാലയങ്ങളുടെ പട്ടികയിലാണ് ഈ വിദ്യാലയം. എൻ എസ് എസ്, ജെ ആർ സി, ഗൈഡ്സ് വിഭാഗങ്ങൾ വർഷങ്ങളായി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

Advertisements

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ പ്രത്യേക ശ്രമഫലമായി ഇപ്പോൾ മികവിന്റെ അംഗീകാരമായി സ്റ്റുഡന്റ് പോലീസ് വിഭാഗം കൂടി കേരള സർക്കാർ അനുവദിച്ചിരിക്കുകയാണ്. ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സ്കൂളിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്തു. മുൻ എം എൽ എ കെ ദാസൻ, നഗരസഭാ ചെയർപേഴ്‌സൺ കെ പി സുധ, വൈസ് ചെയർമാൻ കെ സത്യൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ നിജില പറവക്കൊടി, ഇ കെ അജിത്ത്, പി പ്രജിഷ, പി രത്നവല്ലി, ഡി ഇ ഒ സി കെ വാസു, രാഷ്ടീയ പാർട്ടി നേതാക്കളായ കെ ഷിജു, കെ പി വിനോദ് കുമാർ, എസ് ആർ ജയ് കിഷ്, പി കെ വിശ്വനാഥൻ, വി പി ഇബ്രാഹിം കുട്ടി, കെ കെ നാരായണൻ, കെ റഹീം, പി കെ രാധാകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത്, സി സത്യചന്ദ്രൻ, എം റഷീദ്, പിടിഎ പ്രസിഡൻ്റ് പി പി രാധാകൃഷ്ണൻ, പ്രിൻസിപ്പാൾ എപി പ്രബീത്, പ്രധാനാധ്യാപിക എം കെ ഗീത, എം എം ചന്ദ്രൻ, പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *